തിരുവനന്തപുരം: കേരളത്തിലെ ഉൽപ്പാദന മേഖലയുടെ വളർച്ച അതിവേഗത്തിലെന്ന് റിപ്പോർട്ട്. 2014- 15 ലെ 9.78 ശതമാനത്തിൽനിന്ന് 2021– 22 ൽ 18.9 ശതമാനമായാണ് വളർന്നത്. ഇന്ത്യയുടെ ഫാക്‌ടറി മേഖലയിൽ കേരളത്തിന്റെ പങ്ക് 2014- 15 ലെ 1.2 ശതമാനത്തിൽനിന്ന് 2018– 19 ൽ 1.52 ശതമാനമായി ഉയർന്നതായും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദേശീയാടിസ്ഥാനത്തിൽ ഉൽപ്പാദന മേഖലയുടെ വളർച്ച 18.16 ശതമാനമാണ്. കേരളത്തിൽ ഫാക്‌ടറികൾ തുടങ്ങാൻ സംരംഭകർ മടിക്കുകയാണെന്ന പ്രചരണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
കോവിഡിനു ശേഷം കേരളത്തിലെ വ്യവസായ മേഖല അതിവേഗം കുതിച്ചുയരുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2021– 22ൽ സംസ്ഥാനത്തെ വ്യവസായ വളർച്ചാനിരക്ക് 17.3 ശതമാനമാണ്. ഇത് സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കാർഷിക അനുബന്ധ മേഖല 6.7 ശതമാനവും വളർച്ച കൈവരിച്ചു. 2022– 23ലെ ആഭ്യന്തര ഉൽപ്പാദനം 9.9 ലക്ഷം കോടിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പുതുക്കിയ കണക്കുപ്രകാരം ആഭ്യന്തര ഉൽപ്പാദനം 10.18 ലക്ഷം കോടിയായി ഉയർന്നു. തനതു വരുമാനത്തിലും വലിയ വർധനയുണ്ട്.