കൊച്ചി : തൃക്കാക്കരയിൽ ഇടത് മുന്നണിക്ക് വിജയം ഉറപ്പെന്ന് മന്ത്രി പി രാജീവ്. ഇടത് വോട്ടുകൾ എല്ലാം പോൾ ചെയ്തു. പോളിംഗ് കുറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നില്ല. കള്ളവോട്ട് ആര് ചെയ്താലും നടപടി വേണമെന്നും അദ്ദേഹം പ്രതികരിച്ചു. ഇടത് പ്രവർത്തകൻ ഉൾപ്പെട്ടത് പരിശോധിക്കട്ടെ എന്നും ഇടത് മുന്നണി പ്രവര്‍ത്തകന്‍റെ വോട്ടും കള്ളവോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മണ്ഡലത്തിൽ യുഡിഫ് അനധികൃതമായി ചേർത്ത 7000 വോട്ടിനെതിരെ സിപിഎം പരാതി നൽകിയിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു. ജോ ജോസഫ് ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ്. ഇടത് വോട്ടിന് പുറമെ മറ്റ് വോട്ട് കൂടി സമാഹരിക്കാൻ ജോ ജോസഫിന് കഴിയും. തൃക്കാക്കരയിൽ എല്ലാ ഘടകങ്ങളും അനുകൂലമാണ്. ഉറച്ച ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോളിംഗ് കുറഞ്ഞത് അനുകൂലമെന്ന് ഇടത് സ്ഥാനാർത്ഥി ജോ ജോസഫും പ്രതികരിച്ചു. യുഡിഎഫ് കോട്ടകളിലാണ് കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. തൃക്കാക്കര നഗരസഭയിൽ എല്‍ഡിഎഫ് വൻ മുന്നേറ്റം ഉണ്ടാകുമെന്നും ജോ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാജയത്തേക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി പൂർത്തീകരിച്ചു. നാളെ മുതൽ ആശുപത്രിയിൽ പോയി തുടങ്ങും. ജയപരാജയം തൊഴിലിനെ ബാധിക്കില്ലെന്നും ജോ ജോസഫ് കൂട്ടിച്ചേര്‍ത്തു.
നാടിളക്കി പ്രചാരണം നടത്തിയിട്ടും തൃക്കാക്കരയില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്ക് നേർ ഇറങ്ങി നടത്തിയ വൻ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് ദിവസത്തെ രാവിലത്തെ ട്രെൻഡ്, റെക്കോർഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക്. എന്നാല്‍, വോട്ടെടുപ്പ് തീർന്നപ്പോൾ കണക്ക് കൂട്ടലുകളെല്ലാം തെറ്റി. കൊച്ചി കോർപ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. കോർപ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തിൽ താഴെയാണ് പോളിംഗ്. ഇതിൽ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാൽ സാധാരണ 40 പോലും എത്താത്ത ബൂത്തുകളിൽ 50 ശതമാനം എത്തിയത് തന്നെ നേട്ടമാണെന്നും ഈ ബൂത്തുകളിൽ ചെയ്ത വോട്ടുകൾ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു.