കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നും റിയാദ് വഴി എത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണ മിശ്രിതം പിടികൂടി. മഞ്ചേരി തുവ്വൂർ പാലക്കാവേ സ്വദേശി കാവന്നയിൽ അഷറഫ് (54) എന്ന ആളിൽ നിന്നുമാണ് 55 ലക്ഷത്തോളം രൂപ വിലവരുന്ന 1063 ഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട് നിന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തിൽ എത്തിയത്. സ്വർണ മിശ്രിതം കാൾ രൂപത്തിൽ 4 പായ്ക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് വെച്ചായിരുന്നു കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്. കസ്റ്റംസ് കേസെടുക്കുകയും വിശദമായ തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ജെ ആനന്ദ് കുമാറിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം സുപ്രണ്ടുമാരായ പ്രകാശ് എം, റജീബ്, കപിൽ ദേവ് സുനിറ, ഇൻസ്പെക്ടർ മാരായ മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ. എം, ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.