ഇടുക്കി> മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് തുടങ്ങും.ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം.ഹൈറേഞ്ച് സിസിഎഫ് ആര്‍എസ് അരുണാണ് നിര്‍ദ്ദേശം നല്‍കിയത്.
നിലവില്‍ ഉള്‍ക്കാട് അധികമില്ലാത്ത പ്രദേശത്താണ് പടയപ്പയുള്ളത്.ഉള്‍ക്കാട്ടിലേക്ക് കൊണ്ടു വിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്താനാണ് നീക്കം. മയക്കു വെടി വച്ച് പിടികൂടേണ്ടതില്ലെന്നാണ് തീരുമാനം. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തും.
രണ്ട് ദിവസത്തിനിടെ ആറ് കടകളാണ് ആന തകര്‍ത്തത്. കാട്ടിലേക്ക് തുരത്തിയാലും ആന വീണ്ടും തിരിച്ചു വരുന്നതാണ് തലവേദനയായി മാറുന്നത്.മാട്ടുപ്പെട്ടി, തെന്‍മല പ്രദേശങ്ങളില്‍ ഇന്നലെയും പടയപ്പ ജനവാസ മേഖലയിലിറങ്ങി കടകള്‍ തകര്‍ത്തിരുന്നു. തീറ്റയും വെള്ളവും കിട്ടാത്തതാണ് ആന ഇറങ്ങുന്നതിനു കാരണം. തീറ്റയും വെള്ളവും ലഭിക്കുന്ന ഉള്‍ക്കാട്ടിലെത്തിച്ച് തിരികെ വരുന്നത് ഒഴിവാക്കാനാണ് ശ്രമം.