മൂന്നാർ: കാട്ടുകൊമ്പന്‍ പടയപ്പ തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു. നയമക്കാട് എട്ടാംമൈല്‍ ഭാഗത്താണ് പടയപ്പ നിലവില്‍ നിലയുറപ്പിച്ചിട്ടുള്ളത്. മൂന്നാര്‍ മറയൂര്‍ അന്തര്‍ സംസ്ഥാന പാതയിലൂടെയായിരുന്നു പടയപ്പയുടെ രാത്രി യാത്ര. നാശനഷ്ടങ്ങള്‍ വരുത്തിയില്ലെങ്കിലും ആന റോഡിലിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. കാട്ടുകൊമ്പന്‍ പടയപ്പ മറയൂര്‍ മേഖലയില്‍ നിന്നും തിരികെ മൂന്നാറിലേക്ക് മടങ്ങുന്നതായുള്ള സൂചന നല്‍കിയാണ് ഇപ്പോഴത്തെ യാത്ര. നയമക്കാട് എട്ടാംമൈല്‍ പിന്നിട്ടാല്‍ പിന്നെയെത്തുക രാജമല ദേശിയോദ്യാനത്തിന്റെ ഭാഗത്തേക്കാണ്. അവിടെ നിന്നും മൂന്നാറിലേക്കെത്താന്‍ ഏതാനും കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാല്‍ മതി. കാട്ടുകൊമ്പന്‍ മൂന്നാര്‍ ഭാഗത്തേക്ക് യാത്ര തുടരുമോ അതോ തിരികെ മറയൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുമോയെന്ന് കണ്ടറിയണം.
ദിവസങ്ങള്‍ക്ക് മുമ്പ് പടയപ്പ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ ചട്ടമൂന്നാര്‍ ഭാഗത്ത് ഇറങ്ങുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്തിരുന്നു. അതിനും മുമ്പ് പാമ്പന്‍മല ഭാഗത്ത് ഇറങ്ങിയ കാട്ടുകൊമ്പന്‍ മൂന്ന് വീടുകളുടെ മേല്‍ക്കൂരക്ക് നാശം വരുത്തി.കഴിഞ്ഞ ഒന്നര മാസത്തിലധികമായി പടയപ്പ മറയൂര്‍ മേഖലയിലാണ് തമ്പടിച്ചിട്ടുള്ളത്.കഴിഞ്ഞ വേനല്‍ക്കാലത്ത് മൂന്നാര്‍ ടൗണിലേക്കടക്കം പടയപ്പ എത്തിയിരുന്നു. തീറ്റ പരതിയാണ് കാട്ടാനയുടെ സഞ്ചാരം.