തിരുവനന്തപുരം > നെല്ല്‌സംഭരണത്തിനും മറ്റ് വിവിധ പദ്ധതികളിലുമായി കേരളത്തിന് ലഭിക്കാനുള്ള ആയിരംകോടിയലധികം രൂപ അനുവദിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാമെന്ന് കേന്ദ്ര ഭക്ഷ്യസെക്രട്ടറിയുടെ ഉറപ്പ്. നെല്ല് സംഭരണപദ്ധതി പ്രകാരം കർഷകർക്ക് നൽകാനുള്ള താങ്ങുവില, ഭക്ഷ്യഭദ്രതാ നിയമപ്രകാരവും പിഎംജികെഎവൈ. പദ്ധതിപ്രകാരവുമുള്ള ഗതാഗതച്ചെലവുകൾ, റേഷൻ വ്യാപാരികൾക്കുള്ള മാർജിൻ വിഹിതം എന്നിവ ആത്മനിർഭർ ഭാരത് പദ്ധതിപ്രകാരമുള്ള ഗതാഗത-കൈകാര്യ ചെലവുകൾ എന്നീ ഇനങ്ങളിലായാണ് ഇത്രയും തുക ലഭിക്കാനുള്ളത്. ബുധനാഴ്‌ച സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി നടന്ന ചർച്ചയിലാണ് സഞ്‌ജീവ് ചോപ്ര ഇക്കാര്യം അറിയിച്ചത്.
റേഷൻകടകളെ ആധുനികീകരിച്ചും വൈവിധ്യവത്ക്കരിച്ചുകൊണ്ടും സംസ്ഥാനത്ത് നടപ്പാക്കുന്ന കെ – സ്റ്റോർപദ്ധതി, കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ റേഷൻ വിഹിതം വീട്ടിലെത്തിച്ചു നൽകുന്ന ഒപ്പം പദ്ധതി, ആദിവാസി ഊരുകളിലും വിദൂരപ്രദേശങ്ങളിലും താമസസ്ഥലത്ത് റേഷൻവിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷൻകടകൾ, 20 രൂപയ്‌ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന സുഭിക്ഷാ ഹോട്ടലുകൾ, അതിഥി തൊഴിലാളികൾക്ക് കേരളത്തിലെ റേഷൻകടകളിൽ നിന്ന് തങ്ങളുടെ വിഹിതം കൈപ്പറ്റാൻസൗകര്യം ഒരുക്കുന്ന റേഷൻ റൈറ്റ് കാർഡ് എന്നിവ ദേശീയതലത്തിൽ ആവശ്യമായ മാറ്റങ്ങളോടെ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്നും സെക്രട്ടറി മന്ത്രിയെ അറിയിച്ചു.
തോന്നയ്‌ക്കലിലുള്ള കെ – സ്റ്റോർ, കിഴക്കേകോട്ടയിലെ സപ്ലൈകോ വിൽപ്പനശാല എന്നിവ സന്ദർശിച്ചു. മംഗലപുരത്തെ റേഷൻകടയിൽ എത്തിയ അദ്ദേഹം കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഒപ്പം പദ്ധതിയുടെ പ്രവർത്തനം നേരിൽകണ്ട് മനസ്സിലാക്കി.