തൃശൂര്‍: കാലാവസ്ഥാ വ്യതിയാനം മൂലം തൃശൂര്‍ ജില്ലയില്‍ നെല്ലുത്പാദനം പകുതിയായി കുറഞ്ഞതായി കേരള കര്‍ഷക സംഘം. പാടശേഖരങ്ങളില്‍ കത്തിക്കേണ്ട അവസ്ഥയിലാണ്. നെല്ലുത്പാദനത്തില്‍ മാത്രം 150 കോടിയിലേറെ നഷ്ടമാണ് തൃശൂര്‍ ജില്ലയില്‍ സംഭവിച്ചത്.ഭാഗികമായി രക്ഷപ്പെട്ട കൃഷിയിടങ്ങളില്‍ ഒരേക്കറില്‍ 25 മുതല്‍ 35 ക്വിന്റല്‍ വരെ ലഭിക്കാറുള്ളത്. നെല്ലുൽപാദനം രണ്ടു മുതല്‍ നാലു ക്വിന്റല്‍ വരെ ഉത്പാദനം കുറഞ്ഞു. നെല്ലുത്പാദനരംഗത്ത് ഏകദേശം ഒരേക്കറിന് 25,000 രൂപ മുതല്‍ 35,000 രൂപവരെ ഉത്പാദന ചെലവ് നേരിടേണ്ടിവരുന്ന കര്‍ഷകന് പിടിച്ചു നില്‍ക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നെൽകൃഷി തകർച്ചെയ നേരിട്ടതോടെ വൈക്കോല്‍ മാത്രം ആശ്രയിച്ചു മുന്നോട്ടു നീങ്ങുന്ന നാട്ടിൻപുറങ്ങളിലെ ക്ഷീര കര്‍ഷകരും ദുരിതത്തിലായി. നെല്ലും വൈക്കോലും ഭാഗികമായും പൂര്‍ണമായും നഷ്ടപ്പെട്ട ആയിരക്കണക്കിന് ചെറുകിട നാമമാത്ര കൃഷിക്കാരും നിരവധി പാടശേഖരങ്ങളുമുണ്ടെന്നും കർഷക സംഘം കണക്കുകൾ നിരത്തുന്നു.
ഉത്പാദന ചെലവിന്റെ ക്രമാതീതമായ വര്‍ധനവ്, ഗുണമേന്മയില്ലാത്ത വിത്ത്, വളം മുതലായവ മൂലമുള്ള ഉത്പാദന കുറവ്, ഇപ്പോള്‍ നേരിട്ട പ്രതികൂല കാലാവസ്ഥ മൂലമുള്ള കൃഷിനാശം, പെരുകികൊണ്ടിരിക്കുന്ന വന്യമൃഗശല്യം ഇവയൊക്കെ ഗൗരവമായി പരിഗണിക്കപ്പെടുകയും പരിഹാരം കാണുകയും വേണം.
കൊയ്‌തെടുത്താല്‍ കൊയ്ത്ത് കൂലി പോലും ലഭിക്കാത്ത പാടശേഖരങ്ങള്‍ കണ്ണീര്‍പ്പാടങ്ങളായി. ചണ്ടും പതിരും മാത്രം കിട്ടുന്ന സാഹചര്യത്തില്‍ നിരവധി പാടശേഖരങ്ങളില്‍ കത്തിച്ചുകളയാന്‍ നിര്‍ബന്ധിതരായി. പുതിയ വര്‍ഷം കൃഷി ആരംഭിക്കുന്നതിനുമുമ്പായി മാന്യമായ നഷ്ടപരിഹാരം ലഭ്യമായില്ലെങ്കില്‍ മുന്നോട്ടു പോകാനാവില്ല. ബാങ്ക് വായ്പകളും മറ്റു സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നെടുത്ത വായ്പകളുമെടുത്ത കൃഷിക്കാര്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നു.
അടിയന്തരമായി മാന്യമായ നഷ്ടപരിഹാരവും കാര്‍ഷിക മേഖല നേരിടുന്ന പ്രത്യക്ഷവും ദൂരവ്യാപകവുമായ തകര്‍ച്ച ഇടവരുത്തുന്ന ഘടകങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി ധ്രുതഗതിയിലുള്ള പരിഹാരമാര്‍ഗങ്ങളും ഉണ്ടാകണമെന്ന് കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.