തിരുവനന്തപുരം: നെല്ല് സംഭരണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ തീരുമാനമായി. കൊയ്ത് കഴിഞ്ഞിരിക്കുന്ന നെല്ല് താമസം കൂടാതെ സംഭരിക്കുവാനും കര്‍ഷകര്‍ക്ക് എത്രയും വേഗം സംഭരണ വില നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഇതിനായി കേരള ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. കേരള ബാങ്കിന് പി.ആര്‍.എസ് വായ്പ ഇനത്തില്‍ നല്‍കാനുള്ള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കും. ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതിനുള്ള നിയമപരമായ തടസങ്ങള്‍ നീക്കുന്നതിന് കണ്‍സോര്‍ഷ്യം ബാങ്കുകളായ എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുമായി കൂടിയാലോചനകള്‍ നടത്തുന്നതാണ്. ഇക്കാര്യങ്ങളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നിലവില്‍ 10 മില്ലുകളാണ് നെല്ലുസംഭരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറായിട്ടുള്ളത്. ഈ മില്ലുകള്‍ക്കായി ഇതിനോടകം 25023.61 മെട്രിക് ടണ്‍ നെല്ല് ശേഖരിക്കുന്നതിനായി പാടശേഖരങ്ങള്‍ അലോട്ട് ചെയ്തു നല്‍കിയിട്ടുണ്ട്. ഇതിനോടകം 2954.653 ടണ്‍ നെല്ല് കര്‍ഷകരില്‍ നിന്നും സംഭരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു വിഭാഗം മില്ലുടമകള്‍ ഔട്ട്ടേണ്‍ റേഷ്യോയുടെ വിഷയത്തിലുള്ള തര്‍ക്കമുന്നയിച്ചു കൊണ്ട് ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് യോഗം വിലയിരുത്തി.
കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കേണ്ട നെല്ലില്‍ നിന്നും ലഭിക്കേണ്ട അരിയുടെ അനുപാതം 100:68 എന്ന് നിശ്ചയിച്ചിരുന്നുവെങ്കിലും കേരളത്തിലെ കാലാവസ്ഥാ പ്രത്യേകതകള്‍ പരിഗണിച്ചു കൊണ്ട് സംസ്ഥാനത്ത് ഇത് 100:64.5 ആയി നിശ്ചയിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തുണ്ടായ ഹൈക്കോടതി വിധിയില്‍ ഇപ്രകാരം വ്യത്യാസപ്പെടുത്തി നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായി അധികാരമില്ല എന്ന് വ്യക്തമാക്കിയതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച അനുപാത പ്രകാരമേ മില്ലുടമകളുമായി കരാറിലേര്‍പ്പെടാന്‍ സപ്ലൈകോയ്ക്ക് സാധ്യമാവുകയുള്ളൂ. ഇക്കാര്യം കണക്കിലെടുത്തുകൊണ്ട് നെല്ലുസംഭരണ നടപടികളുമായി സഹകരിക്കാന്‍ എല്ലാ മില്ലുടമകളും മുന്നോട്ടുവരണമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.