കൽപറ്റ: ഇരുട്ടിന്റെ നാളുകളാണെന്നും വിളക്കുകള്‍ ഓരോന്നായി കെട്ടുപോവുകയാണെന്നും ടി. പത്മനാഭന്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അക്ഷരോത്സവമായ വായനോത്സവത്തിന്റെ ഉദ്ഘാടനം എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷന് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിബിഡമായ, പൂര്‍ണമായ അന്ധകാരം നമ്മെ ഗ്രസിക്കാന്‍ പോകുകയാണ്. ശുഭാപ്തിവിശ്വാസമുണ്ടെങ്കിലും അതുകൊണ്ട് മാത്രം ഒന്നുമാകില്ല.
ഈ അന്ധകാരത്തെ ചെറുക്കാന്‍ ശ്രമം നടക്കുന്നത് കേരളത്തില്‍ മാത്രമാണ്. ഇന്ത്യയിലെ ഭരണാധികാരികളെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അവര്‍ പല മേഖലയിലും കൈവെച്ചു. അറിവിന്റെ മേഖല അവര്‍ക്ക് അലര്‍ജിയാണ്. വിദ്യാഭ്യാസ മേഖലയെ കൈയടക്കി ഗാന്ധിജിയെയും ചാള്‍സ് ഡാര്‍വിന്റെ പേരുപോലും പുസ്തകങ്ങളിൽനിന്ന് അവര്‍ നിഷ്കാസനം ചെയ്തിരിക്കുന്നു. ഫാഷിസത്തിന്റെ കരാള മുഷ്ടികള്ക്കിടയില്പെട്ട് മരണദിനം കാത്ത് ജയിലില്‍ കിടക്കുമ്പോള്‍ ജൂലിയസ് ഫ്യൂചിക് എഴുതിയ കഴുമരത്തില്നിന്നുള്ള കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ കുറിച്ച സുഹൃത്തുക്കളേ ഇത് നാടകമല്ല ജീവിതമാണ് എന്ന വാചകം ഏറെ ശ്രദ്ധേയമാണ്. പുസ്തകമെഴുതി നാളുകള്‍ക്കുള്ളില്‍ ഫാഷിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ കഴുവേറ്റി. അതുപോലുള്ള അനുഭവങ്ങളാണ് ഇവിടെയും വരാന്‍ പോകുന്നതെന്ന് ടി. പത്മനാഭന് പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. മധു സ്വാഗതം പറഞ്ഞു. ജോയന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ ഡോ. പി.കെ. ഗോപന്, ടി.കെ.ജി. നായര്‍, അജിത്ത് കൊളാടി, ജി. കൃഷ്ണകുമാര്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ എന്നിവർ സംസാരിച്ചു. വായനോത്സവത്തിന്റെ ആദ്യ ദിനത്തിൽ മത്സരാര്‍ഥികള്‍ക്കുള്ള എഴുത്തുപരീക്ഷയും ഗ്രാൻഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് നയിച്ച അറിവുത്സവം മെഗാ ക്വിസും അഭിമുഖ പരീക്ഷയും നടന്നു. 14 ജില്ലകളില്‍ ഗ്രന്ഥശാല, താലൂക്ക്, ജില്ലതലങ്ങളില്‍ മത്സരിച്ച് വിജയികളായ 42 മത്സരാര്‍ഥികളാണ് വായനോത്സവത്തിൽ മത്സരിക്കുന്നത്.