ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്ന് നടക്കും. ഉത്സവ ശിവേലിയ്‌ക്ക് ശേഷമാണ് പള്ളിവേട്ട ചടങ്ങുകൾ ആരംഭിക്കുന്നത്. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീ കൃഷ്ണസ്വാമിയെയും മൂർത്തിയെയും എഴുന്നള്ളിക്കും. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായാണ് വേട്ട പുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തുന്നത്. കരിക്കിൽ അമ്പെയ്താണ് വേട്ട നടത്തുക. ഇതിന് ശേഷം വടക്കേ നടവഴി ക്ഷേത്രത്തിലേക്ക് വിഗ്രഹങ്ങൾ എഴുന്നള്ളിക്കും. തുടർന്ന് ഒറ്റക്കൽ മണ്ഡപത്തിൽ പദ്മനാഭസ്വാമി വിഗ്രഹം വച്ച് നവധാന്യങ്ങൾ മുളപ്പിച്ചത് ചുറ്റും വച്ച് മുളയിടൽ പൂജ നടത്തും. 2നാളെ നടക്കുന്ന ആറാട്ടോട് കൂടിയാണ് ഈ വർഷത്തെ പൈങ്കുനി ഉത്സവം സമാപിക്കുന്നത്. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി കൃഷ്ണനെയും എഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രക്ക് തുടക്കമാവും.