ജമ്മു: ജമ്മു-കശ്മീരിൽ ആയുധങ്ങളുമായി അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ പൊലീസ് വെടിവെച്ചിട്ടു. ഏഴ് മാഗ്നറ്റിക് ബോംബുകളും യു.ബി.ജി.എൽ ഗ്രനേഡുകളും വഹിച്ചെത്തിയ ഡ്രോൺ ആണ് കഠ്വ ജില്ലയിലെ താലി ഹാരിയ ചാക് മേഖലയിൽ ഞായറാഴ്ച പൊലീസ് വെടിവെച്ചിട്ടതെന്ന് ജമ്മു മേഖല എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു.
രാവിലെ ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നും ബോംബ് നിർവീര്യമാക്കുന്ന സംഘം സ്ഥലത്തെത്തിയ ശേഷം ആയുധങ്ങൾ തിരിച്ചറിയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനീസ് എന്ന് കരുതുന്ന ഡ്രോണിലെ എഴുത്ത് വായിക്കാൻ ഉടൻ ഭാഷാവിദഗ്ധർ സ്ഥലത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു.
2020 ജൂണിനുശേഷം ജമ്മു സെക്ടറിൽ പൊലീസ് വെടിവെച്ചിടുന്ന മൂന്നാമത്തെ പാകിസ്താൻ ആയുധവാഹിനി ഡ്രോൺ ആണിത്. കഴിഞ്ഞ ആറു മാസമായി മേഖലയിൽ പാക് ഡ്രോണുകളുടെ സാന്നിധ്യം വർധിച്ചതിനെ തുടർന്ന് പൊലീസ് കനത്ത നിരീക്ഷണം നടത്തുന്നുണ്ടെന്നും മുകേഷ് സിങ് വ്യക്തമാക്കി.