ഇസ്ലാമാബാദ് : പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് 4 വർഷത്തെ വിദേശവാസത്തിന് ശേഷം നാളെ നാട്ടിൽ തിരിച്ചെത്തുമ്പോൾ 24 വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2 അഴിമതിക്കേസുകളിൽ അദ്ദേഹത്തിന് 24 വരെ ജാമ്യം അനുവദിച്ച കോടതി തോഷഖാന വാഹനക്കേസിലെ അറസ്റ്റ് വാറന്റ് സസ്പെൻഡ് ചെയ്തു. 24ന് അദ്ദേഹം കോടതിയിൽ നേരിട്ട് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ മുസ്ലിം ലീഗ് –നവാസ് (പിഎംഎൽ–എൻ) നേതാവായ നവാസ് ഷരീഫ് 3 തവണ പ്രധാനമന്ത്രിയായിരുന്നു. നാളെ അദ്ദേഹം ലഹോറിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്യുമെന്ന് സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് അറിയിച്ചു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലായിരുന്നപ്പോൾ ചികിത്സയ്ക്കായി 2019ലാണ് നവാസ് രാജ്യം വിട്ടത്.