ലഹോർ: രാജ്യത്തെ പണപ്പെരുപ്പം വിഴുങ്ങിയ സാഹചര്യത്തിലും പ്രതിരോധ മേഖലയ്ക്കായി ബജറ്റിൽ വൻ തുക നീക്കിവച്ച് പാകിസ്ഥാൻ. പ്രതിരോധത്തിനായി നീക്കി വയ്ക്കുന്ന തുക 15.5 ശതമാനം വർധിപ്പിച്ച് കൊണ്ട് 1.8 ട്രില്യൺ രൂപയാണ് വെള്ളിയാഴ്ച അവതരിപ്പിച്ച 2023-2024 ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. വരുന്ന സാമ്പത്തിക വർഷത്തിൽ 3.5 ശതമാനം വളർച്ചയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ ധനമന്ത്രി ഇഷാഖ് ദാർ വിശദീകരിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഇമ്രാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതിനെ തുടർന്നുള്ള രാഷ്ട്രീയ അസ്വാസ്ഥ്യങ്ങൾക്കിടയിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. ഈ ബജറ്റിനെ ഒരു തെരഞ്ഞെടുപ്പ് ബജറ്റായി കാണരുതെന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ വർഷാവസാനം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സർക്കാരിന്റെ അന്തിമ ബജറ്റാണ് ദാർ അവതരിപ്പിച്ചത്.
അടുത്ത വർഷം 3.5 ശതമാനം ജിഡിപി വളർച്ച ലക്ഷ്യമിടുന്നുണ്ട്. ഇത് മിതമായ ലക്ഷ്യമാണ്. വരുന്ന സാമ്പത്തിക വർഷത്തിലെ ബജറ്റ് കമ്മി ജിഡിപിയുടെ 6.54 ശതമാനമായും പണപ്പെരുപ്പം 21 ശതമാനവുമായും കുറയ്ക്കുകയാണ് ലക്ഷ്യം. അതേസമയം, പാകിസ്ഥാന്റെ പണപ്പെരുപ്പം 38 ശതമാനമായി ഉയർന്നുവെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കാൻ രാജ്യം തയ്യാറാകാത്തതിനാൽ പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാർ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.
1957ന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് ഇപ്പോൾ പാകിസ്ഥാൻ അഭിമുഖീകരിക്കുന്നത്. ഇത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. വാസ്തവത്തിൽ, പാകിസ്ഥാൻ ഇപ്പോൾ ഏഷ്യയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തെയാണ് നേരിടുന്നത്. ഏഷ്യയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് ശ്രീലങ്കയിലായിരുന്നു. കഴിഞ്ഞ മാസം ശ്രീലങ്കയുടെ പണപ്പെരുപ്പ നിരക്ക് 25.2 ശതമാനമായി കുറഞ്ഞു.