ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സംയുക്ത പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഏപ്രിൽ മൂന്നിന് വോട്ടെടുപ്പ് നടക്കുമെന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് അറിയിച്ചു. തിങ്കളാഴ്ച ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിൽ നാളെ ചർച്ച ആരംഭിച്ച് ഞായറാഴ്ച വോട്ടിനിടും. ഭരണപക്ഷത്തുനിന്നു കൂറുമാറിയ പാർട്ടികളെല്ലാം തിരിച്ചുവരുമെന്നും ഇമ്രാൻ സർക്കാർ അവിശ്വാസത്തെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഏജൻസികൾ നാലു ഭീകരരെ യഥാസമയം അറസ്റ്റ് ചെയ്തതിനാൽ നഗരത്തിൽ വൻ ദുരന്തം ഒഴിവായതായും മന്ത്രി പറഞ്ഞു.
ഭരണസഖ്യം ഞായറാഴ്ചയും സംയുക്ത പ്രതിപക്ഷ സഖ്യം തിങ്കളാഴ്ചയും നഗരത്തിൽ ശക്തി പ്രകടനം നടത്തിയിരുന്നു. സർക്കാരിനെ താഴെയിറക്കുമെന്നു പ്രധാന പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) നേതാക്കൾ റാലിയിൽ പ്രതിജ്ഞയെടുത്തു. ഇമ്രാൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച പിഎംഎൽ(ക്യു) പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റിയതിനെ തുടർന്നു വീണ്ടും പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 342 അംഗ ദേശീയ അസംബ്ലിയിൽ ഇമ്രാന്റെ പാർട്ടിയായ പിടിഐക്ക് 155 അംഗങ്ങളാണുള്ളത്. 8 സഖ്യകക്ഷികളുടെ പിന്തുണയോടെയാണു ഭരിക്കുന്നത്.