ഇസ്‌ലാമാബാദ്∙ അനധികൃതമായി പാക്കിസ്ഥാനിലെത്തിയ അഫ്ഗാനിസ്ഥാൻ അഭയാർഥികൾ നവംബറിനുള്ളിൽ രാജ്യം വിടണമെന്നു പാക്കിസ്ഥാൻ സർക്കാർ. രാജ്യാതിർത്തിയിൽ ഭീകരാക്രമണം വർധിച്ചതോടെയാണ് അഭയാർഥികളോടു രാജ്യം വിടാൻ ആവശ്യപ്പെട്ടത്. 1.7 മില്യൻ അഫ്ഗാനിസ്ഥാനികൾ അനധികൃതമായി പാക്കിസ്ഥാനിലുണ്ടെന്നാണു കണക്ക്. അഫ്ഗാനിസ്ഥാനിൽനിന്ന് അതിർത്തി കടന്നെത്തുന്നവരാണു പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്നതെന്നാണു പാക്കിസ്ഥാന്റെ ആരോപണം.2021ൽ താലിബാൻ അധികാരത്തിൽ വന്നതുമുതൽ ആയിരക്കണക്കിന് അഭയാർഥികളാണ് പാക്കിസ്ഥാനിലെത്തുന്നത്. 1.3 മില്യൻ അഭയാർഥികൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 8,80,000 പേർക്കു നിയമപരമായി തങ്ങുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
1.7 മില്യൻ പേർ അനധികൃതമായാണു രാജ്യത്ത് താമസിക്കുന്നതെന്നു പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി സർഫാസ് ബഗ്ടി പറഞ്ഞു. നിയമവിരുദ്ധമായി താമസിക്കുന്നവർ സ്വമേധയാ രാജ്യം വിടണം. അല്ലെങ്കിൽ ബലപ്രയോഗത്തിലൂടെ പുറത്താക്കും. സ്വയം പോകാൻ തയാറായില്ലെങ്കിൽ സർക്കാരിനു വിവിധ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വരും. അഫ്ഗാനികൾ നിയമവിരുദ്ധമായി നടത്തുന്ന വ്യാപാരങ്ങളും സ്വന്തമാക്കിയ സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനും ദൗത്യസംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത അഭയാർഥികളെ കണ്ടെത്താൻ പാക്കിസ്ഥാൻ പ്രാദേശിക ഭരണകൂടങ്ങൾ ഇതിനകം തന്നെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. രണ്ടാഴ്ചയ്ക്കിടെ 1,000 അഫ്ഗാനികളെ തടവിലാക്കി. അതിർത്തി പ്രദേശമായ ബലൂചിസ്ഥാനിൽ സായുധ സംഘങ്ങൾ നിരന്തരം ഏറ്റുമുട്ടുകയാണ്. തെഹ്‌രീകെ താലിബാൻ (ടിടിപി), ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്നീ ഭീകര സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ. കഴിഞ്ഞ ആഴ്ച അതിർത്തിയിലെ മസ്തുങ് നഗരത്തിലെ മുസ്‌ലിം പള്ളിയിലുണ്ടായ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു.