ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തൂക്കുസഭയിലേക്ക്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പിടിഐ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്‍റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റ് പിടിഐ സ്വതന്ത്രര്‍ നേടി. നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലിംലീഗ് 72 സീറ്റും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്‍റെ ഭൂരിപക്ഷമാണ് വേണ്ടത്. അതേസമയം, സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായി തുടരുകയാണ് നവാസ് ഷെരീഫ്. ആരുമായും സഖ്യത്തിന് തയാറാണെന്ന് നവാസ് ഷരീഫ് പ്രഖ്യാപിച്ചു. എന്നാല്‍, ഇമ്രാൻ്റെ സ്വതന്ത്രരെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കില്ലെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. ഒരു വിഭാഗം സ്വതന്ത്രരെ അടർത്തി മാറ്റാൻ നവാസ് ഷരീഫ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇമ്രാൻ്റെ സ്വതന്ത്രർ ഒന്നിച്ച് ഏതെങ്കിലും അംഗീകൃത രാഷ്ട്രീയ പാർട്ടിയിൽ ചേരാനും നീക്കമുണ്ട്. അതേസമയം, നവാസ് പ്രധാനമന്ത്രി ആയി സഖ്യത്തിന് തയ്യാറല്ലെന്ന് ബിലാവൽ ഭൂട്ടോയുടെ പി പി പി അറിയിച്ചു. പല മണ്ഡലങ്ങളിലും ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നു എന്ന വാദം ആവർത്തിക്കുകയാണ് ഇമ്രാൻ്റെ പാർട്ടി. അതുകൊണ്ടാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതായതെന്നും ഇമ്രാൻ്റെ പാർട്ടി വാദിക്കുന്നു.