ഇസ്ലാമാബാദ്: ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം. ഖൈബർ പ്രവിശ്യയിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്. ബിലാവൽ ഭൂട്ടോയുടെ പാർട്ടിക്ക് ഏഴു മന്ത്രി സ്ഥാനം ലഭിക്കും.
പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ പങ്കെടുക്കാതെ പ്രസിഡന്റ് ആരിഫ് ആൽവി അവധിയെടുത്തതോടെ സെനറ്റ് ചെയർമാൻ സാദ്ദിഖ് സഞ്ജറാണിക്ക് മുന്നിലാണ് ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണ്. എങ്കിലേ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയൂ. ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാൻ കഴിയൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, കശ്മീർ വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹബാസ് ഷെരീഫ് ക്ഷണിച്ചു. ഇന്ത്യയുമായി നല്ല ബന്ധത്തിന് കശ്മീർ പ്രശ്നത്തിന് പരിഹാരമുണ്ടാകണം. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ദാരിദ്ര്യ നിർമാജനത്തിനായി ഇരു രാജ്യങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ഷെഹബാസ് ഷെരീഫ് പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിൽ ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ സർക്കാർ ജീവനക്കാരുടെ മിനിമം വേതനം 25,000 രൂപയായി ഉയർത്തുന്നതായി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു.