കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിൽ ഡെങ്കി പനി ബാധിതർ 300 പേരെന്ന് ആരോഗ്യ വകുപ്പ്. പനി ബാധിതർ കൂടുതലുള്ള പഞ്ചായത്തിലെ മൂന്നേക്കർ, മരുതംകാട് മലമ്പ്രദേശ മേഖലയാണ്.പ്രാരംഭഘട്ടമായ മേയ് അവസാനവാരത്തിൽ 30 പേർക്ക് മാത്രമാണ് ഡെങ്കിപ്പനി ബാധിച്ചിരുന്നത്. റബർ തോട്ടങ്ങളുള്ള കരിമ്പ പാലളം മേഖലയിലും പനയമ്പാടത്തും രണ്ടുപേർ മരിച്ചവിവരം യഥാസമയം പുറത്തുവിടുന്നതിൽ ആരോഗ്യ വകുപ്പ് അനാസ്ഥ കാണിച്ചതായി പഞ്ചായത്ത് നിവാസികൾ പരാതിപ്പെട്ടു.
ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച കല്ലടിക്കോട് മേഖലയിൽ മേയ് മാസം മുതല്‍ ഇതുവരെ 300ഓളം ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മേഖലയില്‍നിന്ന് മാത്രം ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ആകെയുള്ള 13 മരണങ്ങളില്‍ ആറും ഒരു പഞ്ചായത്തില്‍ നിന്നാണെന്നും ഭരണസമിതിയുടെ നിഷ്ക്രിയത്വമാണ് മരണത്തിനിടയാക്കിയതെന്നും ചൂണ്ടിക്കാട്ടി കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചിരുന്നു.
പഞ്ചായത്തില്‍ മേയ് മാസത്തില്‍ 24 ഡെങ്കി കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍, ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് മരണവും 205 കേസുകളുമാണ്. ഈ മാസം തിങ്കളാഴ്ച വരെ 62 കേസുകളും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഫോഗിങ്, ഉറവിട നശീകരണം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമല്ലെന്നാണ് തദ്ദേശവാസികളുടെ ആക്ഷേപം.