പാലക്കാട്: ജില്ലാ ആശുപത്രിയിലെയും പരിസരത്തെയും നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിക്കുന്ന പൊള്ളാച്ചി സ്വദേശിയാണ് അറസ്റ്റിലായത്. സൂരക്കൽ, സെൻനിയൂർ, അഴഗർ സെറ്റി പാളയത്തിൽ മുഹമ്മദ് ഫൈസലിനെ (32) യാണ് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഒറ്റകയ്യനായ ഇയാൾ സ്ഥിരമായി ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് വാഹനം മോഷ്ടിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബൈക്ക് മോഷണം പോയതായി നെന്മാറ സ്വദേശി നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്.
മുമ്പും ഇത്തരം മോഷണം നടത്തിയിട്ടുള്ള ഫൈസലിന്റെ സാന്നിദ്ധ്യം ജില്ലാ ആശുപത്രിയിലും പരിസരത്തും കണ്ടതോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ നെന്മാറ സ്വദേശിയുടെ ബൈക്കും മോഷ്ടിച്ചത് താനാണെന്ന് ഫൈസൽ മൊഴി നൽകി. നമ്പർ പ്ലേറ്റ് മാറ്റി ഫൈസൽ സ്വന്തമായി ബൈക്ക് ഉപയോഗിക്കുകയായിരുന്നു. ഇതേ ബൈക്കിലാണ് പ്രതി ജില്ലാ ആശുപത്രിയിലും എത്തിയത്. ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.