പാലക്കാട്: വടക്കഞ്ചേരിയിൽ ദമ്പതികളെ ആക്രമിച്ചു സ്വർണവും പണവും കവർന്ന കേസിൽ ആറു പ്രതികൾ പിടിയിൽ. രണ്ടു സ്ത്രീകൾ ഉൾപ്പെടുന്ന കവർച്ച സംഘത്തെ തമിഴ്നാട്ടിൽ നിന്നാണ് പോലിസ് പിടികൂടിയത്. പ്രതികളുമായി പോലീസ് ഉടൻ തെളിവെടുപ്പ് പൂർത്തിയാക്കും. തമിഴ്നാട് സ്വദേശികളായ കേശവൻ, പ്രഭു , മുഹമ്മദ് അബ്ദുള്ള, തമിഴ് ശെൽവൻ, യുവറാണി, യമുന റാണി, എന്നിവരാണ് അറസ്റ്റിൽ ആയത്. തമിഴ്നാട്ടിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്.
വടക്കഞ്ചേരിയിൽ ദേശീയപാതയിൽ ചുവട്ടുപാടത്ത് സെപ്റ്റംബർ 22ന് രാത്രി ഒൻപതു മണിയോടെ ആയിരുന്നു കവർച്ച. പുതിയേടത്ത് വീട്ടിൽ സാം പി. ജോൺ (62), ഭാര്യ ജോളി എന്നിവരെ ആക്രമിച്ചാണ് പ്രതികൾ മോഷണം നടത്തിയത്. 25 പവൻ സ്വർണം, 10000രൂപ, വജ്രാഭരണങ്ങൾ എന്നിവയാണ് മോഷ്ടിച്ചത്. കാറിലും ബൈക്കിലുമായിട്ടാണ് പ്രതികൾ എത്തിയത്.
വാഹനം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. സ്ത്രീകൾ ഉൾപ്പെട്ടതിനാൽ തിരുട്ടു ഗ്രാമത്തിൽ നിന്ന് ഉള്ളവർ എന്നായിരുന്നു പോലീസ് സംശയം. അതിനിടെ മറ്റൊരു കേസിൽ മധുര പൊലീസിന്റെ പിടിയിലായവരിൽ വടക്കാഞ്ചേരിയിൽ മോഷണം നടത്തിയവരും ഉൾപ്പെട്ടിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുള്ളവരെ കുറിച്ചുo വിവരം കിട്ടിയത്. ഇന്നലെ രാത്രി പ്രതികളെ പോലീസ് വടക്കഞ്ചേരിയിൽ എത്തിച്ചു. കവർച്ചാസംഘം എത്തിയ കാറും ബൈക്കും തമിഴ്നാട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. സേലം കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന വൻസംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് സംശയിക്കുന്നു.