പാലക്കാട് : പാലക്കാട്ടെ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് വി കെ ശ്രീകണ്ഠൻ എം പി. ആർഎസ് എസ് -പോപ്പുലർ ഫ്രണ്ട് നേതൃത്വങ്ങൾ അറിയാതെ കൊലപാതകം നടക്കില്ല. പാലക്കാട് ഉൾപ്പെടെ ഇന്റലിജൻസ് സംവിധാനം പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ സംരക്ഷണം മാത്രമാണ് കേരളത്തിലെ പോലീസിന്റെ ലക്ഷ്യം.
പോലീസ് ഉദ്യോഗസ്ഥരും തീവ്രവാദ സംഘടനാ നേതാക്കളും തമ്മിൽ ബന്ധമുണ്ട്. പ്രശ്‌നം വരുമ്പോൾ മാത്രം സർവകക്ഷി യോഗം വിളിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 144 പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏര്‍പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റില്‍ ഇരുത്തി യാത്ര നടത്താന്‍ പാടില്ലെന്നാണ് ഉത്തരവ്. ഏപ്രില്‍ 20 ന് വൈകിട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ മൊഴികളില്‍ നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇലപ്പുള്ളിയിലെ സുബൈര്‍ വധത്തിലും അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്ന് ഇന്ന് നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായേക്കും. സിസിടിവി ദൃശ്വങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
സംഭവത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 6 പേര്‍ക്കൊപ്പം മറ്റ് ചിലര്‍ കൂടി പ്രതികളായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇവര്‍ക്ക് പ്രാദേശികമായ സഹായം കിട്ടിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിലും പ്രതികളെക്കുറിച്ച് പോലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള 4 പേര്‍ക്ക് പുറമേ മറ്റ് ചിലരെക്കൂടി ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു.