പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന അവിനാശിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് അറിയിച്ചു. ഇരുവരുടേയും മകനെ ദീപികയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വീട് മുഴുവൻ അടച്ചിട്ടാണ് വാക്കത്തികൊണ്ട് അവിനാശ് ദീപികയെ വെട്ടിയത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളായ ബന്ധുക്കൾ പൂട്ട് പൊളിച്ചും ഓട് മാറ്റിയുമാണ് അകത്ത് കയറിയത്. അവിനാശ് രക്ഷപ്പെടാൻ തുനിഞ്ഞപ്പോൾ, തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
പെരിന്തൽമണ്ണ ആശുപത്രിയിൽ വച്ചാണ് കോയമ്പത്തൂർ സ്വദേശിയായ ദീപിക മരിച്ചത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.. എംഎസ്സി കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ് ദീപിക. മകനെ ദീപികയുടെ മാതാപിതാക്കളായ രവിചന്ദ്രന്‍റെയും വാസന്തിയുടേയും സംരക്ഷണത്തിൽ വിട്ടു.
ബെംഗളൂരുവിൽ ജോലിയുള്ള അവിനാശ് കുടുംബ സമേതം അവിടെ സ്ഥിരതാമസം ആയിരുന്നു. രണ്ട് മാസം മുമ്പാണ് പള്ളിക്കുറിപ്പിലെ തറവാട്ടുവീട്ടിലെത്തിയത്.