ഒറ്റപ്പാലം : പനമണ്ണയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. ഒന്നാംപ്രതി അമ്പലവട്ടം പനമണ്ണ തറയിൽവീട്ടിൽ മനാഫ് (38), രണ്ടാംപ്രതി പനമണ്ണ അരഞ്ഞിക്കൽവീട്ടിൽ അബ്ദുൾറഹ്മാൻ (40), നാലാംപ്രതി തൃക്കടീരി കീഴൂർറോഡ് കണക്കഞ്ചേരിവീട്ടിൽ അൻസാർ അഹമ്മദ് (36), ആറാംപ്രതി വരോട് നാലാംമൈൽ കൂരിത്തൊടിവീട്ടിൽ സനൂപ് (32) എന്നിവരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.
പനമണ്ണ ചക്കിയാവിൽ വിനോദ് (32) കൊല്ലപ്പെട്ട കേസിലാണ് വിധി. ഇതിന് പുറമേ ഒരുലക്ഷം രൂപവീതം പിഴയും അടയ്ക്കണമെന്നാണ് ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി. സൈതലവി ശിക്ഷവിധിച്ചത്. 2020 മേയ് 31-ന് രാത്രി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം.വിനോദിന്റെ സഹോദരൻ രാമചന്ദ്രനെതിരേ പ്രതിയായ അബ്ദുൾറഹ്മാൻ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നാണ് പോലീസ് കണ്ടത്തിയത്. ഈ പ്രശ്നം പറഞ്ഞുതീർക്കാൻ പനമണ്ണ പള്ളിക്കുന്നിലേക്ക് രാമചന്ദ്രനെ വിളിച്ചുവരുത്തുകയും വെട്ടിപ്പരിക്കേൽപ്പിക്കയും ചെയ്തിരുന്നു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിനോദിനെയും ഇവർ ആക്രമിച്ചു.
തലയിലും കാലിലും ആന്തരികാവയവങ്ങൾക്കും ഗുരുതര പരിക്കേറ്റ വിനോദ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 22-ന് മരിച്ചു. കേസിലെ 11 പ്രതികളിൽ നാലുപേരെയാണ് പിടികൂടിയത്. ബാക്കിയുള്ളവർ ഇപ്പോഴും ഒളിവിലാണ്. ഹാജരാക്കിയ 39 സാക്ഷികളെയും 56 രേഖകളും പരിഗണിച്ചാണ് കോടതിവിധി. ഒപ്പം സ്ഥലത്തുനിന്ന് ശേഖരിച്ച രക്തസാമ്പിളുകളും നിർണായകമായി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. ഹരി ഹാജരായി.
77 ദിവസംകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ ഒറ്റപ്പാലം ഇൻസ്പെക്ടർ എം. സുജിത്ത് കുറ്റപത്രം സമർപ്പിച്ചത്. പിടിയിലായവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാൻ കുറ്റപത്രം വിഭജിച്ചാണ് 90 ദിവസത്തിനുമുമ്പ് സമർപ്പിച്ചത്. കേസിലുൾപ്പെട്ട മറ്റുള്ളവരെ പിടികൂടിയശേഷം വീണ്ടും കുറ്റപത്രം സമർപ്പിക്കും. കേസിലെ മൂന്നാംപ്രതിയുൾപ്പെടെ ഏഴുപേരെയാണ് ഇനിയും പിടികൂടാനുള്ളത്.സി.ഐ.യ്ക്ക് പുറമേ അന്നത്തെ എസ്.ഐ. എസ്. അനീഷ്, ജെ.പി. അജിത്ത്കുമാർ എന്നിവർ ചേർന്നാണ് കേസന്വേഷിച്ചത്.