പാലക്കാട്: പാലക്കാട് പോക്സോ കേസിൽ പ്രോസിക്യൂട്ടർ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതി നൽകിയ ലീഗൽ കൗൺസലറെ മാറ്റി നിർത്താൻ ഉത്തരവ്. വനിത ശിശു വികസന ഡയറക്ടറാണ് ഉത്തരവ് ഇറക്കിയത്. ഇനി ഒരു നിർദേശം ഉണ്ടാകും വരെ ലീഗൽ കൗൺസലർ വനിതാ – ശിശു കേന്ദ്രത്തിലെ കുട്ടികളുടെ ഒരു കേസിലും ഇടപെടരുതെന്നാണ് ഉത്തരവിൽ പറയുന്നത്.
2018 ൽ പാലക്കാട് മങ്കരയിൽ രജിസ്ട്രർ ചെയ്ത പോക്സോ കേസ് അട്ടിമറിക്കാൻ പ്രോസിക്യൂട്ടർ സുബ്രഹ്മണ്യൻ ശ്രമിച്ചെന്നാണ് ലീഗൽ കാൻസലർ ജില്ലാ ജഡ്ജിക്ക് പരാതി നൽകിയത്. ഇതിനായി അതിജീവിതയെ ഭീഷണിപ്പെടുത്തിയ പ്രോസിക്യൂട്ടർക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. സമാനമായ പരാതി അതിജീവിതയും നൽകിയിരുന്നു. പരാതി നൽകി ദിവസകൾക്കകം നടപടി ഉണ്ടായി. പ്രോസിക്യൂട്ടർക്കെതിരെയല്ല, പരാതിക്കാരിക്കെതിരെ തന്നെ. ഒരു നിർദേശം ഉണ്ടാകും വരെ ലീഗൽ കൗൺസലർ വനിതാ – ശിശു കേന്ദ്രത്തിലെ കുട്ടികളുടെ ഒരു കേസിലും ഇടപെടരുതെന്ന് ശിശു വികസന ഡയറക്ടര്‍ ഉത്തരവിറക്കി.
ലീഗൽ കൗൺസലറുടെ ഇടപെടൽ മങ്കര കേസിൽ നിയമാനുസൃതവും ഗുണകരവും അല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വനിത ശിശു വികസന ഡയറക്ടറുടെ നടപടി. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് സാമൂഹ്യ പ്രവർത്തകർക്കിടയിൽ ഉയർന്നിരിക്കുന്നത്. നേരത്തെ വാളയാർ പീഡന കേസിൽ പ്രതികളുടെ അഭിഭാഷകനായിരുന്ന സി പി എം നേതാവിനെ സിബ്ലുസി ചെയർമാൻ ആക്കിയതിനെതിരെ പരാതി നൽകിയത് ഇതേ ലീഗൽ കൗൺസലറാണ്.