പാലക്കാട്: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലെ വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. ചേമ്പന മലമ്പുഴ സ്വദേശി രാജേന്ദ്രന്‍ (44) എന്ന രാജേഷിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് കസബ സ്റ്റേഷനില്‍ കഴിഞ്ഞ മാസം കൊല്ലം സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യൂറോപ്പിലേക്ക് കൊണ്ടുപോവാം എന്ന വാഗ്ദാനത്തിലാണ് ഇയാള്‍ യുവതിയില്‍ നിന്ന് അഞ്ചര ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടുമായി വാങ്ങിയത്. ഇത്തരത്തില്‍ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനായാണ് പ്രതി ചിലവഴിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ഇയാളുടെ മരുതറോഡ് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് പരാതികളെ തുടര്‍ന്ന് സീല്‍ ചെയ്തിരുന്നു. നിലവില്‍ ചന്ദ്രനഗറിലെ വാടക വീടിന്റെ മറവിലാണ് ഓഫീസ് പ്രവര്‍ത്തിച്ചുവന്നത്. കേരളത്തില്‍ പല ജില്ലകളിലും സമാന സ്വഭാവമുള്ള കേസുകള്‍ പ്രതിയുടെ പേരില്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആനന്ദ്, എഎസ്പി ഷാഹുല്‍ ഹമീദ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കസബ ഇന്‍സ്‌പെക്ടര്‍ രാജീവ്, എസ്‌ഐമാരായ രാജേഷ്, മുഹമ്മദ് ഹനീഫ, എസ്‌സിപിഒമാരായ സിജി, സുനില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.