ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതിയിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 35,647 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇസ്രായേൽ സൈന്യം കൂട്ടക്കശാപ്പ് ചെയ്തത് 85 ഫലസ്തീനികളെ ആണ്. ആക്രമണത്തിൽ 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് ആകെ മരണസംഖ്യ 35,647 ആയി ഉയർന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേൽ തുടങ്ങിയ ഗസ്സ യുദ്ധത്തിൽ ഇതുവരെയായി 79,852 പേർക്ക് പരിക്കേറ്റു. 24മണിക്കൂറിനിടെ, ഗസ്സയിലെ 70 ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസിന്റെ സൈനിക കേന്ദ്രങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും റോക്കറ്റ് ലോഞ്ചറുകളും നിരീക്ഷണ യൂനിറ്റുകളും മറ്റ് സൈനിക സൗകര്യങ്ങളും ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത്.
വടക്കൻ ഗസ്സ മുനമ്പിലെ ജബലിയ ഭാഗത്ത് നിരവധി പോരാളികളെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു. റഫയിൽ ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുകയാണ്. ഒക്ടോബർ ഏഴിന് ഹമാസ് മിന്നൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഗസ്സയെ ഇസ്രായേൽ മരുപ്പറമ്പാക്കിയത്. ഹമാസിന്റെ മിന്നലാക്രമണത്തിൽ 1200 ഇസ്രായേൽ പൗരൻമാരാണ് കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.