കെയ്റോ: പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഈജിപ്തിലെ കെയ്‌റോവിലം അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിലാണ് പലസ്തീൻ പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ – ഹമാസ് യുദ്ധത്തിനിടെ സമാധാന ശ്രമവുമായാണ് ഈജിപ്തിലെ കെയ്‌റോവിൽ അറബ് ഉച്ചകോടി നടന്നത്. ഖത്തർ , യു എ ഇ , സൗദി അറേബ്യ , ബഹ്റൈൻ , കുവൈത്ത് , ജോർദാൻ , ഇറാഖ് , സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തിൽ ഒത്തു ചേർന്നത്. ഇവർക്കൊപ്പം ഐക്യ രാഷ്ട്ര സഭ ജനറൽ സെക്രട്ടറിയും ജപ്പാൻ , ജർമനി , തുർക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പലസ്തീൻ്റെയും പ്രതിനിധികൾ ഉച്ചക്കോടിയിൽ പങ്കെടുത്തു. അറബ് ലീഗ് സെക്രട്ടറി ജനറൽ അടക്കമുള്ളവരും കെയ്റോയിൽ ചേരുന്ന ഉച്ചകോടിയിൽ പങ്കെടുത്തു.
അതിനിടെ ഗാസയിലേക്കുള്ള റഫ അതിർത്തി ഈജിപ്ത് തുറന്നിട്ടുണ്ട്. ഇതോടെ യുദ്ധം തുടങ്ങി 14 ദിവസങ്ങൾക്ക് ശേഷം ഗാസയിലേക്ക് മരുന്നും ഭക്ഷണവും എത്തിത്തുടങ്ങി. 23 ലക്ഷം ജനങ്ങൾ ഉള്ള ഗാസയിലേക്ക് ദിവസം വെറും 20 ട്രക്കുകളിലാണ് ഭക്ഷണവും മരുന്നും എത്തുന്നത്. വേണ്ടതിൻ്റെ ആയിരത്തിലൊന്നുപോലും ആകുന്നില്ലെന്നാണ് സന്നദ്ധ സംഘടനകൾ പറയുന്നത്. എങ്കിലും 14 ദിവസമായി വെള്ളം പോലും കിട്ടാത്ത ഗാസയിലെ മനുഷ്യർക്ക് നേരിയ ആശ്വാസമാണ് റഫ അതിർത്തി തുറന്നത്.
ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് റഫ അതിർത്തി ഈജിപ്ത് തുറന്നത്. ലോകാരോഗ്യ സംഘടനയുടെ ട്രക്കുകൾ ആണ് മരുന്നുകളുമായി ആദ്യം അതിർത്തി കടന്നത്. അതേസമയം വ്യോമാക്രമണം തുടരുന്ന ഗാസയിൽ മരണം അയ്യായിരത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.