ടെൽ അവീവ് : നിരായുധയായ പലസ്തീൻ വനിതയെ ഇസ്രയേൽ സൈനികർ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ബത്‌ലഹമിനടുത്ത് പട്ടാളക്കാരുടെ നേർക്ക് മുന്നറിയിപ്പുകൾ അവഗണിച്ച് പലസ്തീൻ യുവതിയെത്തിയപ്പോഴാണ് സൈന്യം വെടിവച്ചതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. തുടർന്നു നടത്തിയ പരിശോധനയിൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ പക്കൽ ആയുധങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
മാർച്ചിനു ശേഷം ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമായതോടെ 14 പേരാണ് ഇതുവരെ ഇസ്രയേലിൽ മരിച്ചത്. ജനുവരിക്ക് ശേഷം സേനയുടെ വെടിവയ്പിൽ 20 പലസ്തീൻകാരും കൊല്ലപ്പെട്ടു. അൽ അഖ്സ മുസ്‌ലിം പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ട സംഘർഷത്തിനും അയവില്ലാത്തത് സുരക്ഷാഭടൻമാർക്ക് തലവേദനയായി. ജൂതൻമാരും ക്രിസ്ത്യൻ സമൂഹവും ആരാധിക്കുന്ന ജോസഫിന്റെ ശവകുടീരം കത്തിച്ചതുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്ക് നഗരമായ നബ്‌ലൂസിലും സംഘർഷാവസ്ഥയുണ്ട്.