തൃശൂർ : പ്രദേശവാസികൾക്കു ലഭിക്കേണ്ട സൗജന്യ പാസ് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ നിഷേധിച്ചതു ചോദ്യം ചെയ്ത ഹർജിയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരെ വിധി. പാസും 2500 രൂപ കോടതിച്ചെലവും നൽകണം. ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിക്കും നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിനും കോർപറേഷൻ സെക്രട്ടറിക്കും കലക്ടർക്കുമെതിരെ ഒല്ലൂർ പന്തൽ റോഡിലെ ജോസഫ് കാരക്കട ആണ് ഹർജി നൽകിയത്.
ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ദൂരപരിധിയിൽ താമസിച്ചിരുന്നതിനാൽ ജോസഫിനു സൗജന്യ യാത്രാ പാസ് ലഭിച്ചിരുന്നു. ഇത് പുതുക്കാൻ സമീപിച്ചപ്പോൾ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു അധികൃതരുടെ നിലപാട്. ടോൾ പ്ലാസയിലെ സൗജന്യ പാസ് പുതുക്കലിനായി റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും സർക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം ടോൾപ്ലാസ അധികൃതർക്കു റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ അധികാരമില്ലെന്നു പറഞ്ഞു കോർപറേഷൻ അപേക്ഷ തള്ളി.
ഈ വിവരം ടോൾപ്ലാസ അധികൃതരെ അറിയിച്ചെങ്കിലും പാസ് പുതുക്കി നൽകാൻ നടപടിയുണ്ടായില്ല. തുടർന്നാണു തൃശൂർ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഹർജിക്കാരനു വേണ്ടി അഡ്വ. എ.ഡി.ബെന്നി ഹാജരായി.