കൊടകര : കൊലപാതകം ഉൾപ്പെടെ സംസ്ഥാനത്തിന് അകത്തുംപുറത്തുമായി അനേകം കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നെല്ലായി പന്തല്ലൂർ മച്ചിങ്ങൽ വീട്ടിൽ ഷൈജു(പല്ലൻ ഷൈജു-43)വിനെയാണ് നാടുകടത്തിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ വിചാരണകൂടാതെ മൂന്നുവർഷം തടവുവരെ ശിക്ഷ ലഭിക്കും. തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ ഗുണ്ടാസംഘ നേതാവായിരുന്ന ഷൈജു പിന്നീട് കുഴൽപ്പണം തട്ടുന്ന സംഘത്തിന്റെ നേതാവായി മാറി. തൃശ്ശൂരിൽ നിന്ന് പന്തല്ലൂരിലേക്ക് വർഷങ്ങൾക്കുമുൻപ് താമസം മാറ്റുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്ന ആർ. പൂങ്കുഴലി, ഐശ്വര്യ ഡോങ്ങ്ഗ്രെ എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ജനറൽ എ. അക്ബർ ആണ് ഉത്തരവിറക്കിയത്.