ന്യൂഡൽഹി : കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഓൺലൈനിൽ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്തെമ്പാടും സിബിഐ പരിശോധന. ‘ഓപ്പറേഷൻ മേഘചക്രയുടെ’ ഭാഗമായി 20 സംസ്ഥാനങ്ങളിലെ 56 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.
കഴിഞ്ഞ വർഷത്തെ ‘ഓപ്പറേഷൻ കാർബണിന്റെ’ ഭാഗമായി ലഭ്യമായതടക്കം ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ശനിയാഴ്ച രാവിലെ മുതല്‍ റെയ്ഡ് ആരംഭിച്ചത്. ഇന്ത്യയ്ക്കു പുറമെ, പാക്കിസ്ഥാൻ (36), കാനഡ (35), യുഎസ് (35), ബംഗ്ലദേശ് (31), ശ്രീലങ്ക (30), നൈജീരിയ (28) തുടങ്ങിയ രാജ്യങ്ങളിലും കുറ്റവാളികളുണ്ടെന്നാണ് ഇന്റർപോളിന്റെ കണ്ടെത്തൽ.
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഓൺലൈനിൽ പങ്കുവയ്ക്കുന്നവരെ കണ്ടെത്തുകയാണു റെയ്ഡിന്റെ ലക്ഷ്യം. വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്രത്തോടു കഴിഞ്ഞദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണു സിബിഐ നടപടി.