വർക്കല > കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഏകപക്ഷീയമായി നിയമിച്ചെന്നാരോപിച്ച് ഇലകമൺ പഞ്ചായത്ത് ഭരണസമിതിയിലെ അഞ്ച് അംഗങ്ങൾ പാർടി വിട്ടു. വിനോജ് വിശാൽ, എം ഷൈജി, എസ് ലില്ലി, സലീന കമാൽ, യു ജിഷ എന്നിവരാണ് ഡിസിസി അധ്യക്ഷൻ പാലോട് രവിക്ക് രാജിക്കത്ത് നൽകിയത്. ഡിസിസി സെക്രട്ടറിയും രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ട്.
ഇലകമൺ മണ്ഡലം പ്രസിഡന്റ് ഷൻസ് അടുത്തകാലത്ത് കോൺഗ്രസിലെത്തിയ ആളാണെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർഥിയായിരുന്നുവെന്നുമാണ് ആരോപണം. വർക്കല നിയോജക മണ്ഡലത്തിലെ കോൺഗ്രസ് പാർടിയിൽ അടുത്തിടെയുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ തുടർച്ചയാണ് പുതിയ സംഭവം. വർക്കല ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പിനുപിന്നാലെ വിവിധ മണ്ഡലങ്ങളിലെ ഭാരവാഹി തെരഞ്ഞെടുപ്പും തർക്കത്തിലും കൈയാങ്കളിയിലുമെത്തിയിരുന്നു.
ബ്ലോക്ക് തല സബ്കമ്മിറ്റികളുടെ നിർദേശത്തിന് വിരുദ്ധമായി മുതിർന്ന കോൺഗ്രസ് നേതാക്കളോട് ആലോചിക്കാതെ ചിലരെ മണ്ഡലം പ്രസിഡന്റുമാരായി നിയമിച്ചതിനെതിരെ പി എം ബഷീർ, ബി ഷാലി, എം എം താഹ, രവീന്ദ്രൻ ഉണ്ണിത്താൻ, അസിം ഹുസൈൻ, നടയറ ഷാജി, സുജി വെട്ടൂർ, പള്ളിക്കൽ നിസാം, വിനോജ് വിശാൽ, പ്രതാപൻ വെട്ടൂർ, അജാസ് പള്ളിക്കൽ, ബ്രിജിത്ത്, എൻ എസ് സുരേഷ്, പി ജെ നൈസാം, വെട്ടൂർ ബിനു, ഇടവ റഹ്‌മാൻ, സുബൈദ, ബിന്ദു വെട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് പരസ്യയോഗവും ചേർന്നു. വർക്കലയിലെ നേതാക്കളെ ഒഴിവാക്കി സംഘടനയെ കൈയിലൊതുക്കാനുള്ള ചിലരുടെ ഗൂഢശ്രമങ്ങളാണ് നടക്കുന്നതെന്നും നേതാക്കൾ പറയുന്നു.