പന്തളം: വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നുണ്ടെങ്കിലും ആവശ്യത്തിന് മരുന്നുകൾ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു.ഇതിനിടെ വിദേശത്തുനിന്നും നാട്ടിലെത്തിയ കുരമ്പാല സ്വദേശിക്ക് ‘വാനര വസൂരിയുടെ’ രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ ആരോഗ്യവകുപ്പ് നിരീക്ഷണത്തിൽ ആക്കി. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് വൈറൽ പനി ബാധിതരായി ചികിത്സ തേടിയെത്തുന്നത്. ചില സമയങ്ങളിൽ പാരസെറ്റമോൾ ഗുളിക പോലും ലഭ്യമല്ലെന്നും പരാതിയുണ്ട്.
കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവർക്കുമാത്രമാണ് ടെസ്റ്റ് നടത്തുന്നത്. എന്നാൽ, കോവിഡ് ലക്ഷണങ്ങൾ അവഗണിക്കുന്നവർ ഏറെയാണെന്നും ഡോക്ടർമാർ പറയുന്നു. ഇപ്പോൾ പടരുന്ന പനികൾക്കും കോവിഡിനുമെല്ലാം സമാനലക്ഷണങ്ങളാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്. കോവിഡാണെന്ന് സംശയം തോന്നിയാൽ ടെസ്റ്റ് നടത്തി ഉറപ്പാക്കും. സർക്കാർ ആശുപത്രികളിൽ ചികിത്സതേടുന്നവരുടെ കണക്കുകളാണ് ഔദ്യോഗികമായി പുറത്തുവരുന്നത്.സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കെടുത്താൽ ഇരട്ടിയോളം വരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.