പശ്ചിമ ബംഗാളിലെ മാൽഡയിൽ സ്കൂൾ ക്ലാസ് മുറിയിൽ വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി എത്തിയ അക്രമി നാടിനെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ. ഓൾഡ് മാൽഡ ജില്ലയിൽ മുചിയ അഞ്ചൽ ചന്ദ്രമോഹൻ ഹൈസ്കൂളിലാണ് സംഭവം. നിറയെ വിദ്യാർഥികളുണ്ടായിരുന്ന എട്ടാം ക്ലാസിൽ തോക്കുമായി എത്തിയ ഇയാൾ വിദ്യാർഥികളെയും അധ്യാപകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഉറക്കെ ആക്രോശിച്ചുകൊണ്ട് ക്ലാസ് മുറിയിൽ നിന്നത് ആശങ്ക ഇരട്ടിയാക്കി. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കീഴടക്കിയത് കൂടുതൽ അപകടം ഒഴിവാക്കി.
ദ്രാവകമടങ്ങിയ രണ്ട് കുപ്പിയും ഒരു കത്തിയും ഇയാളിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഒരു വർഷമായി ഭാര്യയും കുഞ്ഞും എവിടെയോ പോയെന്നും അവരെ കണ്ടെത്താൻ അധികൃതരിൽ സമ്മർദം ചെലുത്താനാണ് ഇത് ചെയ്തതെന്നുമായിരുന്നു പൊലീസിനുമുന്നിൽ ഇയാളുടെ ‘കുറ്റസമ്മതം’.
സംഭവമറിഞ്ഞ് ഓടിയെത്തിയ രക്ഷിതാക്കൾ സ്ഥാപനത്തിന് കൂട്ടംകൂടിയത് സംഘർഷ സാഹചര്യം സൃഷ്ടിച്ചു. ദുരന്തമൊഴിവാക്കിയ പൊലീസിനെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുമോദിച്ചു.