പഞ്ചാബ് : പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തില്‍ ഒരു സീറ്റെന്ന നയം ലംഘിച്ചുകൊണ്ടാണ് പട്ടിക. പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദുവിന്റെ അനന്തരവനും സീറ്റ് നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ഷൂട്ടിംഗ് താരം കൂടിയായ സ്മിത്ത് സിംഗിനാണ് സീറ്റ് നല്‍കിയത്. അമര്‍ഘട്ട് മണ്ഡലത്തില്‍ നിന്നാണ് സ്മിത്ത് സിംഗ് ജനവിധി തേടുന്നത്. മുന്‍ മുഖ്യമന്ത്രി ഹര്‍ചരണ്‍ സിംഗ് ബ്രാറിന്റെ മരുമകള്‍ കരണ്‍ കൗര്‍ ബ്രാറിനും സീറ്റ് നല്‍കിയിട്ടുണ്ട്. മുക്‌സര്‍ സീറ്റിലാണ് കരണ്‍ മത്സരിക്കുക. മുന്‍ മുഖ്യമന്ത്രി രജീന്ദര്‍ കൗര്‍ ഭട്ടലിന്റെ മരുമകന്‍ വിക്രം ബജ്വ സാഹ്നേവാളില്‍ നിന്നും മുന്‍ എഎപി നേതാവ് ആഷു ബംഗര്‍ ഫിറോസ്പൂര്‍ റൂറലില്‍ നിന്നും മത്സരിക്കും.
അതേസമയം രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്ന് സിറ്റിംഗ് എംഎല്‍എമാരെ നേതൃത്വം ഒഴിവാക്കിയിട്ടുണ്ട്. സംരാല മണ്ഡലത്തിലെ അമ്രിക് ധില്ലന്‍, നിര്‍മല്‍ സിംഗ്, സത്കര്‍ കൗര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. അമ്രികിന് പകരം രാജാ ഗില്‍, നിര്‍മല്‍ സിംഗിന് പകരം ദര്‍ബാര സിംഗ്, സത്കര്‍ കൗറിന് പകരം ബംഗര്‍ എന്നിവരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കാനിറക്കുന്നത്. മറ്റ് എട്ട് സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബിജെപിയുടെ രണ്ടാംഘട്ട പട്ടികയും രണ്ട് ദിവസത്തിനകം പുറത്തിറക്കും.