പുതുപ്പള്ളി > ദേശീയതലത്തിൽ ബിജെപിക്ക് ബദലായ ‘ഇന്ത്യ’ സഖ്യത്തിന് ചൂണ്ടിക്കാട്ടാവുന്ന മാതൃകാ ഗവൺമെന്റാണ് കേരളത്തിലേതെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ. എന്നാൽ ആ സഖ്യത്തിൽ കേരളത്തിലെ കോൺഗ്രസ് ഉണ്ടോ എന്ന് സംശയമാണ്. കേന്ദ്രത്തിന്റെ നീതികേടുകൾ ചോദ്യംചെയ്യാൻ അവർ തയ്യാറല്ല. മണർകാട് എൽഡിഎഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ യുഡിഎഫ് അവസരവാദ പ്രസ്ഥാനമായി. താൽക്കാലിക രാഷ്ട്രീയം മാത്രമാണവർക്ക്. ഒരു കാര്യത്തിലും വ്യക്തമായ നിലപാടില്ല. അതിനാലാണ് ഒറ്റപ്പെടുന്നത്. ഭരണം മാറിവരുമെന്ന പ്രതീക്ഷ നഷ്ടമായതോടെ സമനിലതെറ്റിയ അവസ്ഥയാണ്. ഇതുപോലൊരു പ്രതിപക്ഷത്തെ കണ്ടിട്ടില്ല. ജനങ്ങൾ കൈവിട്ട അവരെ രക്ഷപ്പെടുത്താൻ ആർക്കുമാകില്ല. യുഡിഎഫ് കാലത്ത് അടിസ്ഥാന ആവശ്യങ്ങൾക്ക് പണമുണ്ടായിരുന്നില്ല. ഇപ്പോൾ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ ഭരിക്കുന്ന ഗവൺമെന്റ് ഇവിടുണ്ടെന്നും പന്ന്യൻ പറഞ്ഞു.