തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പ്രത്യേക മതത്തെ മാത്രമായി പിന്തുണക്കുന്ന ആളുകളല്ല തിരുവനന്തപുരത്തുള്ളതെന്ന് പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു.ബി ജെ പി പ്രത്യേക മതത്തിന്റെ പാർട്ടിയാണ് രാജീവ് ചന്ദ്രശേഖരൻ ആ പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയാണ് രാജീവ് ചന്ദ്രശേഖരൻ. ബിജെപിക്ക് കേരളത്തിൽ ഇതുവരെ വേരുറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നേമത്ത് ഒരു തവണ നിർഭാഗ്യത്തിന് കയറി വന്നെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി വന്നതു കൊണ്ട് ബി ജെ പി ജയിക്കണമെന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷ മണ്ഡലമാണ് തിരുവനന്തപുരം. ഞാൻ മുമ്പും ഇവിടെ മത്സരിച്ചയാളാണ്. ഈ മണ്ഡലത്തിന്റെ മുക്കും മൂലയും എനിക്കറിയാമെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഇന്നലെയായിരുന്നു ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.