കണ്ണൂർ : പാനൂരിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിതിനെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെയേ അപേക്ഷ നൽകൂ. ദീപാവലി അവധിയായതിനാലാണ് ഇന്ന് കസ്റ്റഡി അപേക്ഷ കൊടുക്കാനാവാത്തത്. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശ്യാംജിതിനെ 28 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്. ശ്യാംജിതിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ സാക്ഷിയാക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്. നാളെയോ മറ്റന്നാളോ ഇയാളുടെ മൊഴിയെടുക്കാനാണ് സാധ്യത.
ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.