ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പ്രദാനം ചെയ്യുന്ന പഴമാണ് പപ്പായ. വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള പപ്പായ പതിവായി കഴിക്കുന്നത് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.ചർമ്മസംരക്ഷണത്തിനും പപ്പായ മികച്ചതാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന അവശ്യ വൈറ്റമിൻ എ, സി, ലൈക്കോപീൻ എന്നീ ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ചർമ്മത്തിന് തിളക്കവും നിറവും യുവത്വവുമുള്ളതാക്കുന്നു. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യകരമാക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മുഖകാന്തി കൂട്ടാൻ പപ്പായ രണ്ട് രീതിയിൽ ഉപയോഗിക്കാം.
ഒന്ന്
അരക്കപ്പ് പപ്പായ നന്നയി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം മുഖത്തും കഴുത്തിലും ഈ പാക്ക് ഇടുക. 15 മിനുട്ടിന് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഉപയോഗിക്കാം.പപ്പായയും തേനും ചർമ്മത്തിൽ ജലാംശം വർദ്ധിപ്പിക്കുന്നതിന് പേരുകേട്ട ചേരുവകളാണ്. വരണ്ട ചർമ്മത്തിൽ ഇവ ഈർപ്പം നൽകിക്കൊണ്ട് ചർമ്മത്തെ മൃദുലവും മിനുസമുള്ളതുമാക്കി തീർക്കുക്കുന്നു. പാൽ ചർമ്മത്തിന് തിളക്കം നൽകുകയും കറുത്ത പാടുകളെ കുറയ്ക്കുകയും ചെയ്യുന്നു.
രണ്ട്
അരക്കപ്പ് പഴുത്ത പപ്പായ ചെറുതായി അരിഞ്ഞ് നന്നായി ഉടച്ചെടുക്കാം. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ ചന്ദനപൊടിയോ അല്ലെങ്കിൽ മുൾട്ടാണി മിട്ടിയോ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഉണങ്ങാനായി 10-15 മിനിറ്റെങ്കിലും കാത്തിരിക്കാം. കഴുകി കളയാനായി തണുത്ത വെള്ളം ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം. പപ്പായ, നാരങ്ങ നീര് എന്നിവയിലെ എൻസൈമുകൾ ചർമ്മത്തെ ശുദ്ധീകരിക്കുകയും സുഷിരങ്ങളെ തുറന്നു കൊണ്ട് മുഖക്കുരുവിന് കാരണമാകുന്ന സൂക്ഷ്മാണുക്കളെ നിർജീവമാക്കുകയും ചെയ്യുന്നു.