കൊല്ലം : ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധന മൂലം പപ്പടത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. പപ്പട വ്യവസായത്തിൽ ബഹുഭൂരിപക്ഷവും സ്വയം തൊഴിലായും കുടുംബത്തോടെയുമുള്ള പപ്പട നിർമാണവും വിപണനവും ചെയ്യുന്നവരാണ്. കേരളത്തിലെ പപ്പടം ഉഴുന്നു കൊണ്ടാണ് നിർമിക്കുന്നത്.
എന്നാൽ മൈദ കൊണ്ട് പപ്പടം നിർമിച്ച് കുറഞ്ഞ വിലയിൽ വിപണി കൈയടക്കുന്നതു കണ്ടു വരുന്നു. ഇത്തരത്തിലുള്ള മായം ചേർത്ത പപ്പടങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പാക്കിങ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള പപ്പടത്തിന്റെ പേരും നിർമാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകൾ വാങ്ങണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഇന്നു മുതൽ പപ്പടത്തിന്റെ വില വർധിപ്പിക്കുമെന്നു സംഘടനാ ഭാരവാഹികൾ അറിയിച്ചു.