മലപ്പുറം: മലപ്പുറം ജില്ലയ്ക്കകത്തും പുറത്തും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തി വന്നിരുന്നയാള്‍ കൊളത്തൂരില്‍ പിടിയിയില്‍. മഞ്ചേരി പൂക്കൊളത്തൂര്‍ പുറക്കാട് സ്വദേശി തയ്യില്‍ ഹുസൈന്‍ (31)ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേകസംഘം നടത്തിയ അന്വേഷണത്തില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് പ്രതി വലയിലായത്. കൊളത്തൂര്‍ കുറുപ്പത്താല്‍ ടൗണിന് സമീപത്തെ വാടക കെട്ടിടത്തിലെ മുറിയിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം സന്തോഷ് കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. കെ എം ബിജു കൊളത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത് ഒരു മാസത്തിലധികമായി സമാന്തര എക്‌സ്‌ചേഞ്ച് നടത്തിവരികയാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്. ഇതിന് സഹായിക്കുന്ന സിം കാര്‍ഡുകള്‍, റൂട്ടര്‍ ഡിവൈസുകള്‍ എന്നിവയും ഇന്‍വെര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. അന്വേഷണ സംഘത്തില്‍ എസ് ഐ. ടി കെ ഹരിദാസ്, വനിതാ എ എസ് ഐ ജ്യോതി പൊലീസുകാരായ ബൈജു കുര്യാക്കോസ്, വിനോദ്, ഷിബു, സുബ്രഹ്മണ്യന്‍, സുകുമാരന്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ബിജു, ഷൈലേഷ്, വൈശാഖ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സംഘവുമാണ് ഉണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.