അന്തിക്കാട്: രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന രീതിയിൽ സ്വന്തം വീട്ടിൽ സമാന്തര വയർലസ് സംവിധാനങ്ങൾ ഒരുക്കി പൊലീസിന്റെ സന്ദേശങ്ങൾ ചോർത്തിയചാഴൂർ സ്വദേശിയെ അന്തിക്കാട് പൊലീസ് പിടികൂടി. തൃശൂർ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്‌ഡിലാണ് ചാഴൂർ സ്വദേശി നമ്പേരിവീട്ടിൽ സമ്പത്ത് (40) അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജില്ലയിലെ വയർലസ് സന്ദേശങ്ങൾ ഇയാൾ ചോർത്തിയതായാണ് സൂചന. നിരവധി വർഷങ്ങൾ അബുദാബിയിലെ ഡിഫൻസിന്റെ ഐടി മേഖലയിൽ ടെക്നീഷ്യനായി വർക്ക് ചെയ്തിരുന്നു.
അഞ്ചു വർഷമായി നാട്ടിലുണ്ട്. ഇലക്ട്രോണിക് എൻജിനിയറായ ഇയാൾ വീട്ടിലൊരുക്കിയിട്ടുള്ള വയർലെസ് സംവിധാനങ്ങൾ കണ്ട് പൊലീസ് അമ്പരന്നു. പൊലീസിന്റെ ടെലികമ്യൂണിക്കേഷൻ വിഭാഗവും സൈബർ സെല്ലും മറ്റ് അവാന്തര വിഭാഗങ്ങളും വിശദമായി പരിശോധിച്ച് വരികയാണ്. എയർ ട്രാഫിക് സംവിധാനങ്ങൾപോലും നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ഈ വയർലെസ് സംവിധാനത്തിൽ ഉണ്ടെന്നാണ് സൂചന. അന്തിക്കാട് എസ് എച്ച് ഒ പി കെ ദാസ്, എസ്ഐമാരായ, എം സി ഹരീഷ്, പി കെ പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുരുകദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്.