പാലക്കാട് : പോക്സോ കേസിലെ അതിജീവിതയെ മുത്തശ്ശിയുടെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ. കേസിൽ വിചാരണ തുടങ്ങാനിരിക്കെ, പ്രതിയായ ചെറിയച്ഛനും അമ്മയും അച്ഛനും ചേർന്ന് 11 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയെന്നാണ് കേസ്.
കുട്ടിയെ തട്ടിക്കൊണ്ടു പോകൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇരുവരെയും പോക്സോ കോടതി റിമാൻഡ് ചെയ്തു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ കോടതി പൊലീസിനു നിർദേശം നൽകി.
ഗുരുവായൂരിലെ ലോഡ്ജിൽ നിന്നാണു മാതാപിതാക്കൾക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്. പീഡനക്കേസിലെ പ്രതിയായ ചെറിയച്ഛൻ ഉൾപ്പെടെ 6 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റാനാണു കുട്ടിയെ സംഘം തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് നഗരത്തിൽ മുത്തശ്ശിയുടെ വീട്ടിൽ നിന്നാണ് കാറിലും ബൈക്കിലുമായെത്തിയ സംഘം കുട്ടിയെ കൊണ്ടുപോയത്. ഇതു തടയാൻ ശ്രമിച്ച മുത്തശ്ശിക്കും ഇവരുടെ മകൾക്കും പരുക്കേറ്റിരുന്നു.