ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ പ്രതി അസഫാക്കിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ മുകളിൽ നിലയിലായിരുന്നു അസ്ഫാക് ആലം താമസിച്ചിരുന്നത്. പ്രതിയുമായി വീട്ടിലെത്തിച്ചപ്പോൾ കുട്ടിയുടെ മാതാവും പിതാവും പ്രതിക്ക് നേരെ ആക്രോശിച്ച് പാഞ്ഞെടുത്തു. പിന്നാലെ പ്രതിക്ക് നേരെ കുട്ടിയെയും പിതാവും രോഷത്തോടെ പാഞ്ഞെടുത്തു. തുടർന്ന് പൊലീസ് ഇടപെട്ട് തടഞ്ഞു. പ്രതിയെ വീട്ടിൽ നിന്ന് ഇറക്കിയപ്പോഴും കുട്ടിയുടെ പിതാവ് ഇയാൾക്കെതിരെ പാഞ്ഞടുത്തിരുന്നു. ഏറെ വൈകാരികമായ രംഗങ്ങളാണ് തെളിവെടുപ്പിനിടയിൽ കുട്ടിയുടെ വീട്ടിൽ സംഭവിച്ചത്. നാട്ടുകാരും ഇയാൾക്കെതിരെ തിരിഞ്ഞിരുന്നു.
പ്രതിയുമായി ഇന്ന് രാവിലെയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന ആലുവ മാർക്കറ്റിലും കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയ കടകളിലും ബീവറേജ് കടയിലടക്കം എട്ടിലധികം സ്ഥലത്താണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ആലുവ മാര്‍ക്കറ്റിലും തെളിവെടുപ്പ് നടത്തിയത്. കൊല്ലപ്പെട്ട കുട്ടിയുമായി മാർക്കറ്റിലെത്തുന്നതിന് മുമ്പ് പോയ കടകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ തെളിവെടുപ്പ് വാർത്ത അറിഞ്ഞതോടെ നിരവധി പേരാണ് ആലുവ മാർക്കറ്റ് പരിസരത്ത് എത്തിയത്. പ്രതിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് കുട്ടിയുടെ ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ സർജനും സ്ഥലത്തെത്തി കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കുട്ടിയുടെ വീട്ടിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തും അസ്ഫാക്കിനെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയത്.