കൊച്ചി: കെട്ടിടങ്ങളുടെ പാർക്കിങ് മേഖലയിൽനിന്ന് ഫീസ് പിരിക്കാൻ ഉടമക്ക് നിയമപരമായ വിലക്കില്ലെന്ന് ഹൈകോടതി. ഷോപ്പിങ് കോംപ്ലക്സുകളുടെ പാർക്കിങ് കേന്ദ്രമാണെങ്കിലും മറ്റൊരാളുടെ സ്ഥലം അനുമതിയില്ലാതെയും ഫീസ് നൽകാതെയും ഉപയോഗിക്കൽ ആരുടെയും മൗലികാവകാശമല്ലെന്ന നഗർ പഞ്ചായത്ത് കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.
കെട്ടിടങ്ങൾക്ക് നിശ്ചിത പാർക്കിങ് സൗകര്യം വേണമെന്ന് മാത്രമാണ് കേരള മുനിസിപ്പാലിറ്റി ബിൽഡിങ് ചട്ടത്തിൽ പറയുന്നത്. അതിനാൽ, ഫീസ് പിരിക്കണോ വേണ്ടയോ എന്നത് കെട്ടിട ഉടമക്ക് തീരുമാനിക്കാവുന്ന വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എറണാകുളം ലുലു മാളിലെ പാർക്കിങ് മേഖലയിലിടുന്നതിന് വാഹനങ്ങളിൽനിന്ന് ഫീസ് പിരിക്കുന്നത് ചോദ്യം ചെയ്ത് കളമശ്ശേരി സ്വദേശി ബോസ്കോ ലൂയിസ്, തൃശൂർ സ്വദേശി പോളി വടക്കൻ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പാർക്കിങ് സൗകര്യം ലഭ്യമാക്കേണ്ടത് നിയമപരമായ ബാധ്യതയായതിനാൽ ഫീസ് ഇൗടാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ, നിയമപ്രകാരം 1083 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം വേണ്ട ലുലുമാളിന്റെ ബേസ്മെന്റ് പാർക്കിങ് മേഖലയിൽ ഇത്രയും സൗകര്യം നിലവിലുണ്ടെന്നും അതിനാൽ, മാളിലെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കുന്നത് നിയമ പ്രകാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒരുക്കിയ മൾട്ടി ലെവൽ പാർക്കിങ് കെട്ടിടമായാണ് കണക്കാക്കുന്നതെന്നതിനാൽ ഈ സൗകര്യം ഉപയോഗിക്കാൻ ഫീസ് ഈടാക്കാൻ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 475-ാം വകുപ്പ് പ്രകാരം ലൈസൻസ് എടുക്കേണ്ടതുണ്ടെന്ന് ഉത്തരവിൽ പറയുന്നു.