2018ല്‍ ഫ്ലോറിഡയിലെ പാര്‍ക് ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 17 പേരെ വെടിവച്ച് കൊന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് ജീവപരന്ത്യം തടവ് ശിക്ഷ. വ്യാഴാഴ്ചയാണ് നിക്കോളാസ് ക്രൂസ് എന്ന യുവാവിന് ജീവപരന്ത്യം ശിക്ഷ വിധിച്ചത്. നിക്കോളാസ് പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്നും ജൂറി വ്യക്തമാക്കി. ഏഴ് പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമടങ്ങുന്ന ജൂറിയുടേതാണ് വിധി. 60 ദിവസത്തെ വിചാരണയ്ക്ക് പിന്നാലെ ഏഴര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ജൂറി ശിക്ഷ പ്രഖ്യാപിച്ചത്.
മാനസിക തകരാറ് മൂലവും ചെറുപ്രായത്തിലെ മദ്യ ഉപയോഗം മൂലം തലച്ചോറിനുണ്ടായ തകരാറ് മൂലവുമാണ് നിക്കോളാസിന്‍റെ ക്രൂര കൃത്യം ചെയ്തതെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍ സ്കൂളിലെ വെടിവയ്പിനേക്കുറിച്ച് നേരത്തെ തന്നെ നിക്കോളാസിന് താല്‍പര്യമുണ്ടായിരുന്നതായും ഇതിന് വേണ്ടി പ്രതി തയ്യാറെടുത്തിരുന്നതായും പ്രോസിക്യൂഷന്‍ തെളിവ് സഹിതം കോടതിയില്‍ വാദിച്ചു. പൈശാചികവും കണക്കുകൂട്ടലോടെയുമുള്ള ക്രൂര കൃത്യത്തിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. എന്നാല്‍ ജൂറി അംഗങ്ങള്‍ ഇതിനോട് അനുകൂലിക്കാതെ വരികയായിരുന്നു.
വിധിയില്‍ പാര്‍ക് ലാന്‍ഡ് വെടിവയ്പില്‍ ഇരകളാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി. കണ്ണില്ലാത്ത ക്രൂരത സഹപാഠികള്‍ അടക്കമുള്ളവരോട് കാണിച്ച യുവാവിനോട് കോടതി കരുണ കാണിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മണിക്കൂറുകള് നീണ്ട വിധി പ്രസ്താവം പ്രത്യേകിച്ച് വികാര പ്രകടനമൊന്നും കൂടാതെയാണ് നിക്കോളാസ് കേട്ടത്. ഒരു വര്‍ഷം മുന്‍പാണ് പാര്‍ക് ലാന്‍ഡ് വെടിവയ്പില്‍ നിക്കോളാസ് കുറ്റക്കാരനെന്ന് തെളിഞ്ഞത്.
മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിക്കോളാസ് ക്രൂസിന് ക്രൂരകൃത്യം ചെയ്യുമ്പോള്‍ പ്രായം വെറും പത്തൊന്‍പത് മാത്രമായിരുന്നു. ആറ് മിനിറ്റ് നീണ്ട നിക്കോളാസിന്‍റെ ക്രൂരതയില്‍ 14 വിദ്യാര്‍ത്ഥികളും 3 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ഫ്ലോറിഡയിലെ തന്നെ ഏറ്റവും ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു പാര്‍ക് ലാന്‍ഡെ വെടിവയ്പ്. 2018ലെ വാലെന്‍റൈന്‍സ് ദിനത്തിലായിരുന്നു നിക്കോളാസ് സ്കൂളിലേക്ക് എആര്‍ 15 മോഡലിലുള്ള റൈഫിളുമായി കടന്ന് ചെന്ന് വെടിവയ്പ് നടത്തിയത്. നിക്കോളാസിനെതിരെ നേരത്തെ സ്കൂള്‍ അച്ചടക്ക നടപടി എടുത്തിരുന്നു. ഇതില്‍ പ്രതികാരം ചെയ്യാനായാണ് നിക്കോളാസ് സഹപാഠികളടക്കമുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.