ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസപ്രമേയം ചർച്ച ചെയ്യാതെ പാക്കിസ്ഥാൻ ദേശീയ അസംബ്ലി. പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചർച്ച മാറ്റിയത്. ഇന്നത്തേയ്ക്കു പിരിഞ്ഞ സഭ, ഞായറാഴ്ച (ഏപ്രിൽ 3) വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കർ ഖാസിം സുരി അറിയിച്ചു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു. ഇന്നത്തെ അജൻഡയിൽ നാലാമതായി ആയിരുന്നു അവിശ്വാസ പ്രമേയ ചർച്ച.
പ്രതിപക്ഷത്തിനു കാര്യഗൗരവമില്ലെന്നു ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു. മാർച്ച് 28നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. പ്രമേയം അവതരിപ്പിക്കാൻ അന്നു തന്നെ അംഗീകാരം നൽകുകയും ചെയ്തിരുന്നു. മുഖ്യ ഘടകകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്–പാക്കിസ്ഥാൻ (എംക്യുഎം–പി) കൂടി പിന്തുണ പിൻവലിച്ചതോടെ ഇമ്രാൻ സർക്കാരിനു കേവലഭൂരിപക്ഷം നഷ്ടമായിരുന്നു. എംക്യുഎമ്മിന്റെ രണ്ടു മന്ത്രിമാരും രാജിക്കത്ത് നൽകി. ഏഴ് അംഗങ്ങളാണ് എംക്യുഎമ്മിനുള്ളത്.
പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതായി മറ്റൊരു ഘടകകക്ഷിയായ ബലൂചിസ്ഥാൻ അവാമി പാർട്ടി (4 അംഗങ്ങൾ) തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിപക്ഷ സഖ്യത്തിൽ 177 അംഗങ്ങളായെന്നാണു സൂചന. 342 അംഗ പാർലമെന്റിൽ അവിശ്വാസം വിജയിക്കാൻ 172 വോട്ടുകളാണു വേണ്ടത്. 155 അംഗങ്ങളുള്ള ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) 2018 ൽ ചെറുകക്ഷികളുടെ പിന്തുണയോടെയാണു സർക്കാരുണ്ടാക്കിയത്.പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രി പോലും കാലാവധി തികച്ചിട്ടില്ല. ഒരു പ്രധാനമന്ത്രി പോലും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടിട്ടുമില്ല. അവിശ്വാസ പ്രമേയം നേരിടുന്ന മൂന്നാമത്തെ പാക്ക് പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ.