ണിപ്പൂർ വിഷയത്തിൽ ഇന്നും പാർലമെന്റ് സ്തംഭിച്ചു. സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തടസ്സപ്പെടുത്തി ഒളിച്ചോടുകയാണെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ കുറ്റപ്പെടുത്തി. സർക്കാരിന്റെ അജണ്ട മണിപ്പൂർ വിഷയത്തിൽ ജനാധിപത്യ സമൂഹത്തിന്റെ താത്പര്യത്തിന് എതിരാണെന്ന് പ്രതിപക്ഷം വിമർശിച്ചു. അതേസമയം, വിഷയത്തിൽ രണ്ടുമണിയ്ക്ക് രാജ്യസഭയിൽ ചർച്ച നടന്നേക്കും.
രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷമാണ് ഇരുസഭകളും ഇന്ന് സമ്മേളിച്ചത്. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം ഇന്നും ശക്തമായ പ്രതിഷേധം സഭയിൽ ഉയർത്തി. ലോക്സഭ സമ്മേളിച്ചെങ്കിലും നടപടികളിലേക്ക് കടക്കാനായില്ല. തുടർന്ന് 2 മണിവരെ സ്പീക്കർ സമ്മേളന നടപടികൾ ഉപേക്ഷിച്ചു.
ഭരണ, പ്രതിപക്ഷ നിരയുടെ വാക്പോരിനാണ് രാജ്യസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് ഭരണ പക്ഷവും സർക്കാർ അജണ്ടയ്ക്ക് വഴങ്ങില്ലെന്ന് പ്രതിപക്ഷവും നിലപാട് സ്വീകരിച്ചു. രാജ്യസഭയിൽ ഉച്ചയ്ക്ക് ശേഷം മണിപ്പൂർ വിഷയത്തിൽ ചർച്ച ആരംഭിയ്ക്കാനുള്ള നിർദ്ദേശം സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്.