പട്ന: ലാലു പ്രസാദ് യാദവിന്റെ മരുമകൻ ശൈലേഷ് കുമാറിനു രാജ്യസഭ / ലെജിസ്ലേറ്റീവ് കൗൺസിൽ ടിക്കറ്റ് നൽകണമോയെന്നതിനെ ചൊല്ലി ആർജെഡിയിൽ ഭിന്നത. ലാലുവിന്റെ മൂത്ത മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ ഭർത്താവാണ് ശൈലേഷ് കുമാർ.
സ്ഥാനാർഥി നിർണയത്തിനായി കഴിഞ്ഞ ദിവസം ചേർന്ന ആർജെഡി പാർലമെന്ററി ബോർഡ് യോഗത്തിലാണ് ശൈലേഷ് കുമാറിനെ മൽസരിപ്പിക്കണമെന്ന ആവശ്യമുയർന്നത്. ആർജെഡി ഉപാധ്യക്ഷ റാബ്റി ദേവിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സഹോദരി ഭർത്താവ് ശൈലേഷ് കുമാറിന്റെ സ്ഥാനാർഥിത്വ വിഷയം ചർച്ചയാകുമെന്ന സൂചനയുണ്ടായിരുന്നതിനാൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് യോഗത്തിൽ പങ്കെടുത്തില്ല.
മിസ ഭാരതിയും തേജ് പ്രതാപ് യാദവും യോഗത്തിലുണ്ടായിരുന്നു. ഭർത്താവിനു ടിക്കറ്റ് സംഘടിപ്പിക്കാനുള്ള മിസ ഭാരതിയുടെ ശ്രമത്തിനു അമ്മ റാബ്റി ദേവിയുടെയും സഹോദരൻ തേജ് പ്രതാപ് യാദവിന്റെയും പിന്തുണയുണ്ട്. തേജസ്വി യാദവിന്റെ വിശ്വസ്തനായ പാർട്ടി ബിഹാർ സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങ് പ്രതിഷേധ സൂചകമായി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാനാർഥികളെ തീരുമാനിക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ ലാലു യാദവിനെ ചുമതലപ്പെടുത്തിയാണു യോഗം അവസാനിപ്പിച്ചത്. ബിഹാറിൽനിന്നു രാജ്യസഭയിലേക്കുള്ള അഞ്ചു സീറ്റുകളിലെ തിരഞ്ഞെടുപ്പ് ജൂൺ 10നാണ്. അംഗബലമനുസരിച്ചു ആർജെഡിക്കു രണ്ടു രാജ്യസഭാംഗങ്ങളെ വിജയിപ്പിക്കാനാകും. ഏഴു ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കും.
ലാലു പ്രസാദ് യാദവ് ഡൽഹിയിൽ മകൾ മിസ ഭാരതിയുടെ വസതിയിൽ വിശ്രമത്തിലാണ്. മരുമകനു ടിക്കറ്റ് നൽകുന്ന വിഷയത്തിൽ ലാലുവിന്റെ നിലപാടു വ്യക്തമല്ല. ശൈലേഷ് കുമാർ മുൻപ് ഇൻഫോസിസ് ഉദ്യോഗസ്ഥനായിരുന്നു.
ലാലു കുടുംബത്തിൽനിന്നു ലാലുവും പത്നിയും മൂന്നു മക്കളുമുൾപ്പെടെ അഞ്ചു പേർ ആർജെഡിയിൽ വിവിധ പദവികളിലുണ്ട്. ലാലുവിന്റെ മകൾ രോഹിണി ആചാര്യയും രാഷ്ട്രീയത്തിൽ തൽപരയാണ്. രാഷ്ട്രീയ വിഷയങ്ങളിൽ രോഹിണി ആചാര്യയുടെ ട്വീറ്റുകൾ പലപ്പോഴും വിവാദമാകാറുണ്ട്.