ചണ്ഡീഗഢ് : കോടതി വിചാരണയിൽ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയതിയിന് പഞ്ചാബ് മുൻ ഡി.ജി.പിയ്ക്ക് കോടതിയുടെ താക്കീത്. ഒൺലൈനായി നടന്ന വിചാരണയിൽ കിടക്കയിൽ കിടന്നുകൊണ്ട് പങ്കെടുത്തതിനെ തുടർന്നാണ് പഞ്ചാബ് മുൻ ഡി.ജി.പിയും കൊലപാതക കേസ് പ്രതിയുമായ സുമേധ് സിങ് സൈനിയെ കോടതി താക്കീത് ചെയ്തത്. വീഡിയോ കോൺഫ്രൻസിങ് വഴി നടന്ന കോടതി വിചാരണയിലാണ് സുമേധ് സിങ് സൈനി കട്ടിലിൽ കിടന്നുകൊണ്ട് പങ്കെടുത്തത്. സൈനിക്ക് താക്കീത് നൽകിയ പ്രത്യേക സിബിഐ ജഡ്ജി സഞ്ജീവ് അഗർവാൾ കോടതിയുടേതായ ഔചിത്യം പാലിക്കണമെന്നും നിർദേശിച്ചു.
തനിക്ക് സുഖമില്ലെന്നും പനി വന്ന് കിടപ്പിലാണെന്നുമായിരുന്നു സുമേധ് സിങ് സൈനിയുടെ ന്യായം. എന്നാൽ ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ഇത് തെളിയിക്കുന്ന മെഡിക്കൽ രേഖകളൊന്നും സൈനി ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 1994-ൽ ലുധിയാനയിൽ മൂന്ന് പേരെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണ് സുമേധ് സിങ് സൈനി. സൈനിക്ക് പുറമെ മറ്റ് മൂന്ന് പോലീസുകാരും കേസിൽ പ്രതികളാണ്. വ്യക്തിപരമായ വിദ്വേഷം തീർക്കുന്നതിനായാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. പഞ്ചാബ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സൈനിക്കെതിരെ കേസെടുത്തത്.